ഹൈദരാബാദ്: ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ ഉൾപ്പെട്ട ഭിമാവരത്തെ ഗവൺമെൻ്റ് കോളജിൻ്റെ പേര് നന്നായൊന്ന് ‘പരിഷ്കരിക്കാൻ ‘ ആന്ധ്രാ സർക്കാർ തീരുമാനിച്ചു. കസ്തൂർബാ ഗാന്ധിയുടെ പേരുള്ള കോളജിന് സ്ഥലം എം എൽ എ യായ ഗ്രാൻറി ശ്രീനിവാസ റാവുവിൻ്റെ പിതാവിൻ്റെ പേരിടാനാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. അതായത് കസ്തൂർബാ ഗവൺമെൻ്റ് ജൂനിയർ കോളജ് ഇനി മുതൽ ഗ്രാൻഡി വെങ്കിടേശ്വര റാവു ഗവൺമെൻ്റ് ജൂനിയർ കോളജായി മാറും.
ചിന്തലപതി വരപ്രസാദ മൂർത്തി രാജു എന്ന ഗാന്ധിയൻ നിർമിച്ച കോളജാണ് കസ്തൂർബാ കോളജ്. ഗാന്ധിയോടുളള സ്നേഹവും ആദരവും കൊണ്ടാണ് ഒരു സൈനികൻ കൂടിയായ മൂർത്തി രാജു കോളജിന് കസ്തൂർബ എന്ന പേരിട്ടത്. ഈ പേരാണ് സ്ഥലം എം എൽ എ യുടെ പിതാവിൻ്റെ പേരിനായി മാറ്റപ്പെടുന്നത്.
സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളും കോളജിലെ പൂർവ വിദ്യാർത്ഥികളും രംഗത്തു വന്നു. തീരുമാനം പിൻവലിക്കാനാവശ്യപ്പെട്ട് പൂർവ വിദ്യാർത്ഥിയായ അശോക് ശർമ നിവേദനവും നൽകിയിട്ടുണ്ട്.
“ഈ തീരുമാനം നിർഭാഗ്യകരമാണ്. ഏകപക്ഷീയമായ ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇത് ഗാന്ധിയെ നിന്ദിക്കലാണ്. ആശ്ചര്യകരവും ഞെട്ടിക്കുന്നതുമായ തീരുമാനമാണിത്.” അശോക് വർമ പറയുന്നു.
എതാനും വർഷങ്ങൾക്കു മുൻപ് പുതിയ ക്യാമ്പസിനായി എം എൽ എയുടെ സഹോദരൻ കോളജിന് 35 സെൻ്റ് സ്ഥലം സംഭാവനയായി നൽകിയിരുന്നുവത്രേ . ഇതിനു പകരമായി കോളജിൻ്റെ പേരു മാറ്റി സ്വന്തം പിതാവിൻ്റെ പേരാക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നൂവെന്നാണ് പറയപ്പെടുന്നത്. 35 സെൻ്റ് സ്ഥലത്തിനു പകരമായി, മറ്റു രണ്ടു നിർദേശങ്ങളും കൂടി ഇദ്ദേഹം മുന്നോട്ടു വച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
കെട്ടിടത്തിലെ ഒരു പ്രധാന സ്ഥലത്ത് തങ്ങളുടെ ഒരു കുടുംബ ഫോട്ടോ പ്രദർശിപ്പിക്കണം എന്നതാണ് അതിൽ ഒരു നിർദേശം. എന്നാൽ എം എൽ എ ഗ്രാൻഡി ശ്രീനിവാസ് റാവു ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു. ജൂനിയർ കോളേജിലെ പ്രിൻസിപ്പൽ വി.വി സത്യനാരായണയാണ് ഫെബ്രുവരിയിൽ കോളേജിന്റെ പേരിൽ മാറ്റം നിർദ്ദേശിച്ചതെന്നാണ് എം എൽ എ പറയുന്നത്.