മസ്‌ക്കറ്റ്: ഇന്ത്യക്കും ഒമാനുമിടയില്‍ വിമാനയാത്ര സുഗമമാക്കുന്നതിനുളള എയര്‍ ബബ്ള്‍ ധാരണ നിലവില്‍ വന്നു. കോവിഡ് പാശ്ചാത്തലത്തില്‍ നിറുത്തിവച്ച വിമാന സര്‍വീസുകള്‍ നിയന്ത്രിതമായ തോതില്‍ താല്‍ക്കാലികമായി പുനരാരംഭിക്കുന്നതിനുളള സംവിധാനമാണ് എയര്‍ബബ്ള്‍ ക്രമീകരണം.
ഒക്ടോബര്‍ 1 മുതല്‍ 30 വരെയാണ് ധാരണ നില നില്‍ക്കുകയെന്ന് മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതുപ്രകാരം ഇരുരാഷ്ട്രങ്ങളിലേയും വിമാന കമ്പനികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് സാധാരണ സര്‍വീസുകള്‍ നടത്താന്‍ കഴിയും. ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയും , എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒമാനിലേക്കും, തിരിച്ച് ഒമാന്‍ എയറും, സലാം എയറും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും തടസങ്ങളും ഇല്ലാതെ ഈ വിമാനങ്ങളില്‍ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും.
ഇന്ത്യയിലേക്കുളള വിമാനങ്ങളില്‍ ഇവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാര്‍, ഓസിഐ കാര്‍ഡുടമകള്‍, ഇന്ത്യന്‍ വിസ ലഭിച്ച ഒമാനി പൗരന്മാര്‍, എന്നിവര്‍ക്കാണ് യാത്രനുമതി ലഭിക്കുക. ഒമാനിലേക്കുളള വിമാനങ്ങളില്‍ സ്വദേശികള്‍, ഒമാനിലേക്ക് പോകുന്ന റെസിഡന്‍റ് വിസയിലുളള ഇന്ത്യാക്കാര്‍, എന്നിവര്‍ക്ക് യാത്ര ചെയ്യാം. ഒമാനിലേക്കുളള ഇന്ത്യാക്കാരുടെ പ്രവേശനാനുമതി സംബന്ധിച്ച കാര്യങ്ങള്‍ ടിക്കറ്റ് നല്‍കുമ്പോള്‍ വിമാന കമ്പനി ഉറപ്പുവരുത്തേണ്ടതാണ്. ഇരുരാജ്യങ്ങളുടേയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുമായിരിക്കണം സര്‍വീസ്.

