വയനാട്നെൽക്കൃഷിയിൽ നിന്നും പുതുതലമുറ പിന്നാക്കം പോകുമ്പോഴും തൻ്റെ പച്ചപുതച്ച വയലിൽ പ്രതീക്ഷയുടെ ദീപം തെളിയിച്ചിരിക്കുകയാണ് വയനാട് തിരുനെല്ലി ഓലിയപ്പുറം ജോൺസൺ എന്ന കർഷകൻ. മഹാമാരിയെയും പ്രളയത്തെയും കർഷകർ നെഞ്ചു വിരിച്ച് നേരിടണമെന്ന സന്ദേശം കൂടിയാണിത്. പൂർണ്ണമായും ജൈവരീതിയിലാണ് ജോൺസൻ്റെ കൃഷി.
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കാക്കവയലിലെ രണ്ട് ഏക്കറിലാണ് 28 പാരമ്പര്യ നെൽവിത്തുകൾ മാത്രം ഉപയോഗിച്ചുള്ള ജോൺസന്റെ നെൽകൃഷി. പ്രത്യേകമായി ഉത്തരേന്ത്യയിൽ നിന്നും കൊണ്ടു വന്ന നാസർ ബാദ്, കാകിശാല, കാലാബാത്ത് എന്നീ വിത്തുകൾ ഉപയോഗിച്ചാണ് ജോൺസൺ വയലിൽ പ്രതീക്ഷയുടെ ദീപനാളം തീർത്തത്. അപൂർവ്വമായി കൊണ്ടിരിക്കുന്ന പാരമ്പര്യ നെൽവിത്തിനങ്ങളായ തുണ്ടി, ഗന്ധകശാല, ജീരകശാല, ചോമാല എന്നിവയും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
ദീപനാളത്തിന് നടുവിലായി നെൽ കതിർ കൊണ്ട് മനോഹരമായ പുഷ്പവും തീർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം അത്തനാളിൽ വയലിൽ ഓണ പൂക്കളമാണ് ഒരുക്കിയത്, ഈ തവണ പ്രതിഷയുടെ ദീപനാളവും.
മുൻ കാലങ്ങളിൽ ജില്ലയിൽ സുലഭമായിരുന്നതും ഇന്ന് അപൂർവ്വമായി കൊണ്ടിരിക്കുന്നതുമായ പാരമ്പര്യനെൽവിത്തിനങ്ങളായ കൊതണ്ടൻ, കല്ലടിയൻ, ചോമാല, തൊണ്ടി, ഗന്ധകശാല, ജീരകശാല, മുള്ളൻ കയമ എന്നിവയെല്ലാമാണ് പാരമ്പര്യ നെൽവിത്ത് കർഷകനായ ജോൺസൺ കൃഷിക്കായി ഉപയോഗിക്കുനത്. പ്രളയവും കോവിഡുമെല്ലാം ദുരിതത്തിലാക്കിയ കർഷകന് കൃഷിയിലേക്ക് തിരിച്ച് വരുന്നതിനുള്ള വെളിച്ചം പകരുക എന്നത് കുടിയാണ് ദീപ നാളമെന്ന പാഡി ആർട്ട് കൊണ്ട് ഉദ്ദേശിച്ചതെന്ന് ജോൺസൺ പറഞ്ഞു.
കതിരുകൾ പൂർണ്ണ വളർച്ചെയെത്തുന്നതൊടെ ഇപ്പോൾ കാണുന്ന ദീപ നാളത്തിന്റെ നിറങ്ങളായ വയലറ്റ്, പച്ച, വെള്ള എന്നിവ മാറി മറ്റ് നിറങ്ങളായി രൂപാന്തരം പ്രാപിക്കുമെന്ന് ജോൺസൺ പറഞ്ഞു