മലപ്പുറം സ്വദേശി ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍

ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കല്‍ മുഹമ്മദാലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെളളക്കെട്ടില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (02.10.2020) വൈകുന്നേരം മക്കയില്‍ നിന്ന് ഇദ്ദേഹവും സുഹൃത്തുക്കളും ജിദ്ദക്കടുത്തുളള ശുഹൈബയിലേക്ക് ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ വന്നതായിരുന്നു. ഇതിനിടയില്‍ പ്രദേശത്ത് പൊടിക്കാറ്റ് വീശി മുഹമ്മദാലിയുടെ കണ്ണില്‍ മണല്‍ കയറിയതായും ശേഷം ഇദ്ദേഹം അടുത്തുളള വാഹനത്തിലേക്ക് പോവുകയും ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

കാറ്റ് ശക്തമായപ്പോള്‍ സുഹൃത്തുക്കള്‍ ചൂണ്ടയിടീല്‍ നിര്‍ത്തി വാഹനത്തിനരികിലെത്തി യപ്പോള്‍ മുഹമ്മദാലിയെ കാണാനില്ലായിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ വീണ്ടും ചൂണ്ടയിട്ട ഭാഗത്ത് പരിശോധിച്ചപ്പോള്‍ മാസ്‌ക്കും ചൂണ്ടയും മാത്രം കണ്ടെത്തുകയായിരുന്നു. വെളളിയാഴ്ച മുഴുവനും തെരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. പിന്നീട് ശനിയാഴ്ച രാവിലെയാണ് വെളളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയത്. 20 വര്‍ത്തോളമായി പ്രവാസിയായിരുന്നു. നിലവില്‍ മക്കയില്‍ ബഡ്ജറ്റ് കമ്പനിയില്‍ പെയിന്‍റര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

പിതാവ് പരേതനായ സൂപ്പി. മാതാവ് ഖദീജ. ഭാര്യ റജീന, മക്കള്‍ ജിന്‍സിയ, സിനിയ. മക്ക അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയിലുളള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →