ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ഇടയാക്കിയ സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട പോലീസ് വനിത അനുസുയ ഡെയ്സി ഏണസ്റ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019 വരെ സബ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന അവര്‍ അടുത്തിടെ പോലീസ് സേനയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്നാണ് ചെന്നൈയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി നേതാക്കളെ സംഭാവന നല്കിയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് അവര്‍ പ്രതികരിച്ചത്.
രാജീവ് കൊലക്കേസിലെ കുറ്റവാളികളെ മോചിപ്പിക്കാന്‍ അപേക്ഷിക്കുന്ന വിവിധ ആളുകളുണ്ട്. എന്നാല്‍ ആ സ്ഫോടനത്തിന്റെ ജീവിച്ചിരിക്കുന്ന ഇരയാണ് ഞാന്‍. അത് സംഭവിക്കുകയും അതിജീവിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടായിരുന്നവള്‍. അതിനാല്‍ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ശബ്ദമായിരിക്കും താനെന്നും അവര്‍ പറഞ്ഞു.
രാജീവ് ഗാന്ധി മെയ് 21 1991ല്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. എല്‍.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബര്‍ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശന് എന്ന എല്‍.ടി.ടി.ഇ നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാന്‍ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തില്‍ ചേര്‍ത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയര്‍ത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തില്‍ ഹാരം അണിയിച്ചശേഷം, കാലില്‍ സ്പര്‍ശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററില്‍ വിരലമര്‍ത്തുകയായിരുന്നു . ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേര് മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

