ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഹത്റാസിലെ സംഘർഷ സാഹചര്യവും നിരോധനാജ്ഞയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ പൊലീസ് വിലക്ക് മറികടന്ന് വാഹനം ഉപേക്ഷിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യമുനാ എക്സ്പ്രസ് വേയിലൂടെ കാൽ നടയായി മുന്നോട്ടു പോകുകയാണ്. പെൺകുട്ടിയുടെ ഗൃഹസന്ദർശനം നടത്തി ബന്ധുക്കളോട് നേരിട്ട് സംസാരിക്കും എന്ന ഉറച്ച നിലപാടിലാണ് രാഹുലും പ്രിയങ്കയും എന്നാണ് റിപ്പോർട്. നടന്നു തുടങ്ങി മൂന്ന് കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഇരുവരെയും പൊലീസ് തടയുകയുകയും അത് നേർത്ത സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

