തൃശൂര്‍: സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി പോസ്റ്റ് ചെയ്തതാണോ എന്നറിയാന്‍ പറ്റില്ലെന്ന് അനില്‍ അക്കര എം.എല്‍.എയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.
അനിൽ അക്കരയെ വിമർശിച്ച് കത്തയച്ചതിൻ്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തിന്റെ ഉടമയായ പെൺകുട്ടിയാണ് നീതു. ഇത് യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയല്ല എന്നും സൈബർ സഖാക്കളുടെ സൃഷ്ടിയാണെന്നുമാണ് അനിൽ അക്കരയുടെ വ്യാഖ്യാനം .എന്നാൽ നീതു എന്ന പേരിൽ കത്ത് പ്രചരിപ്പിച്ചത് അനിൽ അക്കരെ തന്നെയാണെന്ന് സൂചിപ്പിക്കുന്ന പരാമർശമാണ് റഹീം നടത്തിയത്.
നീതുവിന് വീടു നൽകാമെന്നും അതിനു വേണ്ടി കാണാൻ തയാറാണെന്നും വ്യക്തമാക്കി അനിൽ അക്കര ഇന്ന് രമ്യ ഹരിദാസ് എം പിയോടൊപ്പം കാത്തു നിന്നിരുന്നു. എന്നാൽ പെൺകുട്ടി എത്തിയില്ല.
അനില്‍ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് നമുക്ക് അറയാനാകില്ലല്ലോ എന്നും സതീശന്‍ കഞ്ഞിക്കുഴിമാരുടെ സംഘടന അല്ലേ അത് എന്നും റഹീം പറഞ്ഞു.
ഇനി യഥാര്‍ത്ഥത്തില്‍ ഈ നീതു എന്ന ക്യാരക്ടര്‍ ഉണ്ടോയെന്നും അവര്‍ കത്തയച്ചോയെന്നും നമുക്കറിയില്ല.
അവര്‍ ആരാണെന്നും നമുക്കറിയില്ല. ഇനി അവര്‍ അതൊക്കെ ചെയ്യും. സ്വന്തമായി വീടിന് തീവച്ചിട്ട് വാര്‍ത്താപ്രാധാന്യം കണ്ടെത്തിയ നേതാവുണ്ടല്ലോ ചെറിയ ആളൊന്നുമല്ല കെ.പി.സി.സി നേതാവാണ് അയാള്‍- റഹീം പറഞ്ഞു.
സ്വന്തമായി തലമുടി മുറിച്ചിട്ട് വാര്‍ത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടനയല്ലേ അത്. സ്വന്തമായി വീടും വാഹനവും കത്തിച്ചിട്ട് മാര്‍ക്‌സിസ്റ്റുകാര്‍ അക്രമിച്ചു എന്ന പറഞ്ഞ് ഇരവാദമുയര്‍ത്തിയ ഒരു മുന്‍ എം.എല്‍.എ ശെല്‍വരാവിന്റെ നാടല്ലേ ഇത്.
കോണ്‍ഗ്രസിന്റെ സംസ്‌കാരം സതീശന്‍ കഞ്ഞിക്കുഴി സംസ്‌കാരമാണ്. ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തുമായിരിക്കാം ഇത്. പറയാന്‍ പറ്റില്ല. എന്നാണ് റഹീം പറയുന്നത്.
ഇന്ന് 29-9-2020 രാവിലെ 9 മുതൽ 11 വരെയാണ് അനില്‍ അക്കര എം.എല്‍.എയും കോണ്‍ഗ്രസ് നേതാക്കളും കത്തെഴുതിയ നീതുവിനെ കാത്ത് വഴിയില്‍ കാത്തിരുപ്പ് തുടങ്ങിയത്.
ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ അനില്‍ അക്കരയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെ 140 വീടുകളുടെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.
ലൈഫ് മിഷനില്‍ അനുവദിച്ച് കിട്ടിയ വീട് എം.എല്‍.എ രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കിയെന്ന് കുറ്റപ്പെടുത്തുന്ന കത്താണ് നീതു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ നീതു നേരിട്ട് വന്നാല്‍ താന്‍ വീട് വച്ച് നല്‍കാമെന്ന് അവകാശപ്പെട്ട് അനില്‍ അക്കര വഴിയോരത്ത് പന്തല്‍ കെട്ടി ഇരിക്കുകയായിരുന്നു. ഇതിനെയാണ് സതീശൻ കഞ്ഞിക്കുഴി എന്ന് റഹീം പരിഹസിച്ചത്.

