തൃശ്ശൂർ: സെപ്തംബർ 19-ന് രോഗ ലക്ഷണങ്ങള്‍ കണ്ടു. 20-ാം തിയതി രൂക്ഷമായ രോഗബാധ. 24-ാം തിയതി വരെ പരിശോധനയ്ക്ക് കാത്തിരിപ്പ്. രോഗസ്ഥിരീകരണം. സമ്പർക്കത്തില്‍ വന്ന രണ്ടു കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ രോഗലക്ഷണങ്ങളോടെ ഇപ്പോഴും കാത്തിരിക്കുന്നു. പരിശോധനയ്ക്കും സ്ഥിരീകരണത്തിനും. തൃശ്ശൂർ തെക്കുംകര പഞ്ചായത്തിലെ കുണ്ടുക്കാടില്‍ കോവിഡ് ബാധിച്ച വീട്ടമ്മയുടേയും അവരുടെ രണ്ടു കുടുംബങ്ങളിലേയും അംഗങ്ങളുടെ അവസ്ഥയാണിത്. ജാഗ്രതക്കുറവ് ജനങ്ങള്‍ക്കോ അധികാരികള്‍ക്കോ എന്ന ചോദ്യം ഉയരുകയാണ്.
തൃശ്ശൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരാണ് രണ്ട് സ്ത്രീകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഇരുന്നാണ് ഓഫീസ് ജോലികൾ ചെയ്തു വന്നിരുന്നത്. ഒരാളുടെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഈ സ്ത്രീക്ക് 19-09-2020 ശനിയാഴ്ച മുതൽ ചെറുതായി രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി. തൊണ്ട വേദനയായിരുന്നു ആരംഭത്തിൽ. അടുത്ത ദിവസം 20-09-2020 രാവിലെ ആയപ്പോഴേക്കും അസുഖ ലക്ഷണങ്ങൾ വർദ്ധിച്ചുതുടങ്ങി. പനി, അസഹ്യമായ തൊണ്ട വേദന, തലവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ. അന്ന് തന്നെ അവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറെ കണ്ടു. പനിക്കുള്ള മരുന്ന് കൊടുത്തു വീട്ടിൽ പോയി റസ്റ്റ് എടുക്കാനാണ് അവർ നിര്‍ദ്ദേശിച്ചത്. അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമ വിവരമറിഞ്ഞ് ദിശയുമായി ബന്ധപ്പെട്ടു. അവരുടെ സംഭാഷണം ഇപ്രകാരമാണ്.
- “വീരോലിപ്പാടം ഹെൽത്ത് സെൻറിന്റെ അടുത്തുള്ള ഒരു സ്ത്രീക്ക് പനിയും തൊണ്ടവേദനയും അധികമായി ഹെൽത്ത് സെൻററിൽ കാണിച്ചിരുന്നു. ഇവരുടെ തൊട്ടടുത്ത വീട്ടിൽ കോവിഡ് ബാധിതരുണ്ട്. എന്നാൽ രോഗികളുമായി ഇവർക്ക് സമ്പർക്കം ഇല്ല എന്ന പേരിൽ ടെസ്റ്റ് ചെയ്യാൻ തയ്യാറായില്ല. ടെസ്റ്റ് ആവശ്യമില്ല, വീട്ടിലിരുന്ന് റെസ്റ്റ് എടുത്താൽ മതി എന്നായിരുന്നു മറുപടി”.
- “ആശുപത്രിയിൽ നിന്നാണോ ഇങ്ങനെ പറഞ്ഞത്?”
- “അതെ, വീരോലിപ്പാടം ഹെൽത്ത് സെൻററിൽ നിന്ന്.”
- “ഹോസ്പിറ്റലിൽ പോയപ്പോൾ ടാബ്‌ലറ്റും കാര്യങ്ങളൊക്കെ കൊടുത്തോ?”
- “പാരസെറ്റമോൾ കൊടുത്തു.”
- “ഒക്കെ, ഇപ്പോൾ എന്താണ് ബുദ്ധിമുട്ട്?”
- “നല്ല തലവേദന ഉണ്ട്. നല്ല തൊണ്ടവേദനയുണ്ട്. നല്ല പനിയും ഉണ്ട്.”
- “നിങ്ങളുടെ നിയറസ്റ്റ് ആയിട്ടുള്ള ആശാ വർക്കറിന് ഇത് അറിയാമോ?”
- “ആശാവർക്കറിനെ അറിയിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. നേരെ പോയത് ഹെൽത്ത് സെൻററിലേക്ക് ആണ്.”
- “ഒരു കാര്യം ചെയ്യുക. ആശാവർക്കറിനെ വിളിച്ച് ഈ കാര്യം പറയുക.”
- “ആശാ വർക്കരുടെ നമ്പർ എങ്ങനെ ലഭിക്കും?”
- “അന്വേഷിക്കാൻ പറ്റുന്ന ആരെങ്കിലും അവിടെയുണ്ടോ?”
- “ഇവിടെയില്ല. ഇവർ കുറച്ച് ഉള്ളിൽ കാടിനോട് ചേർന്ന പ്രദേശത്താണ് താമസം.”
- “അവര്‍ക്ക് കണക്ഷന്‍ ആയിട്ടുള്ള വാർഡ് മെമ്പർ ഉണ്ടാവുമല്ലോ? വാർഡ് മെമ്പറെ വിളിച്ചു കഴിഞ്ഞാൽ ആശാവർക്കറുടെ നമ്പർ കിട്ടും. അങ്ങനെ നമ്പർ എടുത്തു അവരോട് പറയുക: ഹോസ്പിറ്റലിൽ പോയി, ടാബ്ലറ്റ് കഴിച്ചു. പക്ഷേ ബുദ്ധിമുട്ട് ഇപ്പോഴും കാണിക്കുകയാണ്. എന്തു ചെയ്യണം എന്ന് ചോദിക്കുക. അവർ ടെസ്റ്റ് ചെയ്യാന്‍ പറയുകയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഇൻസ്ട്രക്ഷൻ തരികയോ ചെയ്യും.”
- “അല്ലാതെ ഇങ്ങനെയുള്ള ലക്ഷണം വന്നുകഴിഞ്ഞാൽ നിങ്ങളുടെ അവിടെ നിന്ന് കൊണ്ടുപോയി ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഇല്ലേ?”
- “ഇല്ല ആശുപത്രിയിൽ നിന്നാണ് അത് ചെയ്യേണ്ടത്.”
- “നമ്മൾ ആവശ്യപ്പെട്ടാലും ടെസ്റ്റ് ചെയ്യുകയില്ലേ? അസുഖം ആയിരിക്കുന്ന ആൾക്ക് നേരിട്ട് പോകാൻ പറ്റുകയില്ലല്ലോ?”
- “നേരിട്ട് അവർ പോയിരുന്നോ?”
- “ശരിയാണ് അവർ പോയിരുന്നു. ട്രീറ്റ്മെൻറ് എടുത്തു. അവരുടെ തൊട്ടടുത്ത വീട്ടിൽ കൊറോണ വന്നിട്ടുണ്ട്.”
- “ഇപ്പോഴാണല്ലോ അവർക്ക് ബുദ്ധിമുട്ട് വന്നിരിക്കുന്നത്?”
- “ബുദ്ധിമുട്ട് നല്ല പോലെ വന്ന സമയത്താണ് അവർ ആശുപത്രിയിൽ പോയത്.”
- “ഇപ്പോൾ കുറഞ്ഞോ?”
- “കുറഞ്ഞിട്ടില്ല. ലക്ഷണങ്ങളോടുകൂടി ചെല്ലുമ്പോൾ ടെസ്റ്റ് ചെയ്യുക എന്നൊരു ആവശ്യം ഉണ്ടല്ലോ?”
- “ചിലപ്പോൾ വൈറൽ ഫീവർ ആയിട്ട് ആയിരിക്കും വന്നിരിക്കുന്നത്. അവർക്ക് ശ്വാസം വലിക്കുന്നതിന് തടസ്സമുണ്ടോ?”
- “ഇതും ഒരു വൈറൽ അസുഖം തന്നെയല്ലേ? ഇത് ടെസ്റ്റ് ചെയ്ത് കഴിഞ്ഞാൽ തൊട്ടടുത്ത ആളുകൾക്ക് ശ്രദ്ധിക്കാനാകും. അതോ വൈകി എല്ലായിടത്തും എത്തിയതിനുശേഷം ആണോ ടെസ്റ്റ് ചെയ്യുന്നത്?”
- “ഒരു ഗവൺമെൻറ് ആശുപത്രിയിൽ ഒന്നോ രണ്ടോ ആളുകൾ പോയി എന്ന് പറഞ്ഞ് അവർ ടെസ്റ്റ് ചെയ്യുകയില്ല. കുറച്ച് ആളുകളെ ചേർത്തിട്ട് പത്തോ അമ്പതോ പേർക്ക് ഒന്നിച്ചാണ് ടെസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ ചെയ്യാൻ പറ്റുന്നത് ആശുപത്രിയിൽ പോയി ഡോക്ടറെ കാണുക എന്നതാണ്. അവർ ചെയ്യാനുള്ള കാര്യങ്ങൾ പറഞ്ഞുവല്ലോ? റസ്റ്റ് എടുക്കാൻ ആയിരിക്കും പറഞ്ഞു വിട്ടിരിക്കുന്നത്. എന്നിരുന്നാലും വീണ്ടും ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് എന്നുള്ള കാര്യം ഒന്നുകിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിളിച്ചറിയിക്കുക. അല്ലെങ്കിൽ ആശാവർക്കറെ വിളിച്ചറിയിക്കുക.”
- “എന്നാൽ ഒരു കാര്യം ചെയ്യൂ. എല്ലാ ആശാവർക്കര്‍മാരുടെയും എല്ലാ മെമ്പർമാരുടെയും ഫോൺ നമ്പറുകൾ എല്ലാ വീടുകളിലും എത്തിക്കുവാൻ ഏർപ്പാട് ചെയ്യുക. അല്ലാതെ അവർ എങ്ങനെ വിളിച്ചു പറയും? ഇങ്ങനെ ഒരു അസുഖം വരുമ്പോൾ അല്ലല്ലോ ഇവരുടെ നമ്പറുകൾ തപ്പിപിടിക്കേണ്ടത്?”
- “ബേസിക് ആയിട്ടുള്ള എല്ലാ മെമ്പേഴ്സിന്റെയും ഫോണ്‍ നമ്പര്‍ എല്ലാവരുടെ കയ്യിലും ഉള്ളതാണ്. തൊട്ടടുത്ത ആരെയെങ്കിലും വിളിച്ച് അന്വേഷിക്കുക. മെമ്പറുടെ നമ്പര്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും കിട്ടും. എന്നിട്ട് ആശാവര്‍ ക്കറെ വിളിച്ച് അറിയിക്കുക.”
- “അപ്പോൾ ഇതാണോ ദിശയുടെ സംവിധാനം? ഒക്കെ, ശരി.”
ഈ സംഭാഷണത്തിന് ശേഷം ദിശയുടെ ഓഫീസിൽ നിന്നും ഒരു ഫോൺ കോൾ വന്നു. “ദിശയിൽ നിന്നാണ്. രോഗികൾ ആയിട്ട് കിടക്കുന്നവരുടെ പേരും അഡ്രസ്സും ഒന്ന് പറയാമോ?” പേരും പറഞ്ഞു കൊടുത്തു, ഫോൺ നമ്പറും കൊടുത്തു. അഡ്രസ്സ് ചോദിച്ചപ്പോൾ “വാട്സ്ആപ്പ് ചെയ്യാം” എന്ന് മറുപടി പറഞ്ഞു. “ഞങ്ങൾ കോൺടാക്ട് ചെയ്തോളാം” എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു .
ഇതിനുശേഷം ഇവർ രോഗിയുടെ നമ്പറിൽ ബന്ധപ്പെട്ടു. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ, പാരസെറ്റമോൾ കഴിക്കുക, റെസ്റ്റ് എടുക്കുക. 50 പേരെങ്കിലും ആയി കഴിഞ്ഞാൽ അവർ വിളിക്കും ടെസ്റ്റ് നടത്തും, എന്ന് അവരോടും പറഞ്ഞു. ആശുപത്രിയിൽ നിന്നും ദിശയിൽ നിന്നും പറഞ്ഞതനുസരിച്ച് കോവിഡ് ആയിരിക്കില്ല എന്ന ധാരണയിൽ വീട്ടിലെ എല്ലാവരും ദിവസേനയുള്ള പ്രവർത്തികളിൽ മുഴുകി. രോഗിയുടെ ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കാനും പോയി.
മൂന്ന് ദിവസം കഴിഞ്ഞു. 24-ാം തിയതി ടെസ്റ്റ് ചെയ്യാൻ ഉള്ളവരുടെ വലിയൊരു ലിസ്റ്റ് ആയപ്പോൾ ഇവരെയും അതിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ചു. നൂറു പേരായിരുന്നു ഇവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത് . അതില്‍ സ്ത്രീയുടെ നാല്പത്തി അഞ്ചാമത്തെ നമ്പറായിരുന്നു. അവരുടെ നമ്പർ എത്തുന്നതുവരെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് അവിടെ കാത്തുനിന്നു. അടുത്തു നിന്നവർക്ക് അസുഖമില്ലെങ്കിലും രോഗം പകരാനുള്ള അവസരമവിടേയും ഒരുക്കി. ടെസ്റ്റ് നടത്തി വീട്ടിൽ വിളിച്ചു പറഞ്ഞു, കൊവിഡ് പോസിറ്റീവ് .
അവരുമായി സമ്പര്‍ക്കത്തിൽ ഉണ്ടായിരുന്ന രണ്ട് കുടുംബങ്ങളോട് ക്വാറന്റൈനില്‍ ഇരിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ ആളുകളുടെ എണ്ണം തികയുമ്പോൾ അവരെയും ടെസ്റ്റ് ചെയ്യാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞു. രോഗിയോട് ക്വാറന്റൈന്‍ സെൻററിലേക്ക് പോകുവാൻ തയ്യാറായി ഇരിക്കാൻ ആവശ്യപ്പെട്ടു. രോഗി തയ്യാറായിരുന്നു. പക്ഷേ ആംബുലൻസ് വന്നു കൊണ്ടുപോയത് അടുത്ത ദിവസം ഉച്ചയോടെയാണ്. ഇപ്പോൾ അവർ കൊവിഡ് കെയർ സെൻററിൽ ആണ് .
എന്നാൽ അവർ പോയതിനുശേഷം 27-ാം തിയതി അവരുടെ പത്താം ക്ലാസ് പരീക്ഷ പാസായി നിൽക്കുന്ന മകന് രോഗലക്ഷണങ്ങൾ തുടങ്ങി. അവരുടെ അനിയത്തിക്കും രോഗലക്ഷണങ്ങൾ തുടങ്ങി. അവർ ഹെൽത്ത് സെൻററിലേക്ക് വിളിച്ചുപറഞ്ഞു. പക്ഷേ അപ്പോഴും അവരുടെ പ്രതികരണം പഴയതുപോലെതന്നെ. “ഒരു ക്യാമ്പിനുള്ള ആകട്ടെ എന്നിട്ട് ടെസ്റ്റ് ചെയ്യാം”.
അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ വീണ്ടും ദിശയുമായി ബന്ധപ്പെട്ടു. വിവരങ്ങൾ പറഞ്ഞു. അപ്പോൾ അവർ തൃശ്ശൂരിലെ ജില്ലാ കോവിഡ് കൺട്രോൾ റൂമിന്‍റെ നമ്പർ തന്നു . അവരെയും വിളിച്ച് കാര്യങ്ങൾ എല്ലാം വിവരിച്ചു.
“ലക്ഷണങ്ങള്‍ ഉള്ളപ്പോൾ ക്യാമ്പിന് കാത്തുനിൽക്കേണ്ട ആവശ്യമില്ലല്ലോ, ഹെൽത്ത് സെൻററിന്റെ പേര് തന്നാൽ ഞങ്ങൾ വിളിച്ചു പറയാം” എന്നായിരുന്നു അവരുടെ മറുപടി. അവർ ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം നൽകി. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കോൾ വന്നു ഹെൽത്ത് സെൻററില്‍ ബന്ധപ്പെട്ടിരുന്നുവെന്നും, അവരങ്ങനെ പറഞ്ഞിട്ടില്ലെന്നും, അന്ന് തന്നെ ടെസ്റ്റ് ചെയ്യാൻ ആളെ വിടുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ പിറ്റേ ദിവസം ഉച്ചവരെയായിട്ടും ആരെയും പറഞ്ഞു വിട്ടിട്ടില്ല.
സ്ഥാപനത്തിന്റെ ഉടമ വീണ്ടും കൺട്രോൾ റൂമിൽ വിളിച്ചു കാര്യം അറിയിച്ചു. അവർ ഹെൽത്ത് സെന്‍ററിൽ ലിറ്റിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നമ്പർ തന്നു . അദ്ദേഹത്തെയും വിളിച്ചു. “ക്യാമ്പിനെ ഉള്ള ആളുകൾ ഉണ്ടെങ്കിലേ ടെസ്റ്റ് ചെയ്യുന്നു എന്ന വ്യവസ്ഥയില്ല , ഞാൻ നോക്കട്ടെ” എന്നാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ മറുപടി.
ഇതാണ് തൃശൂർ തെക്കുംകര പഞ്ചായത്തിൽ ഉണ്ടായ ഒരു സംഭവം. ഇങ്ങനെ എത്രയോ സംഭവങ്ങൾ കേരളത്തിൽ അരങ്ങേറുന്നു. 20 -09-2020 -നാണ് ആദ്യം ഇവർ ദിശയിലേക്ക് വിളിച്ച് വിവരം പറയുന്നത്. അന്നുമുതൽ ഇരുപത്തിനാലാം തീയതി ടെസ്റ്റ് ചെയ്യുന്നത് വരെ ആശുപത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞതു പോലെ സാധാരണ വൈറൽ പനി ആണെന്ന ധരണയിൽ ഇവർ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. ഇവരുടെ ഭർത്താവ് നിത്യേന ഓട്ടോറിക്ഷ ഓടിക്കാൻ പോയിരുന്നു. എത്രയോ ആളുകളുമായി സമ്പർക്കമുണ്ടായി. ഇരുപത്തിനാലാം തീയതി ഒരു ക്യാമ്പിന് വേണ്ട ആളുകളായപ്പോള്‍ ആണ് അവരെ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണെന്ന് അറിയിക്കുന്നത്. രോഗലക്ഷണങ്ങള്‍ നല്ലപോലെയുള്ള രോഗിയെ നിരയില്‍ നിറുത്തി 44 നമ്പർ ആകുന്നതുവരെ കാത്തു നിർത്തിയാണ് ടെസ്റ്റ് ചെയ്യുന്നത്. അടുത്തു നില്‍ക്കുന്നവർക്ക് രോഗമില്ലെങ്കിലും വരാനൊരു അവസരം. ഇരുപത്തിയഞ്ചാം തീയതി ആണ് കോവിഡ് കെയർ സെൻററിലേക്ക് മാറ്റുന്നത്. ഇതിനോടകം അവരുടെ മകനും അവരുടെ അനിയത്തിക്കും കോവിഡ് ലക്ഷണങ്ങൾ കാണാൻ തുടങ്ങി. ഇരുപത്തിയേഴാം തീയതിയും 28 -ാം തീയതിയും ഇവർ ഹെൽത്ത് സെൻററു മായി ബന്ധപ്പെട്ടു. ബുദ്ധിമുട്ടുകൾ അറിയിച്ചു. എന്നാൽ ടെസ്റ്റ് ചെയ്യുന്നതിനു വേണ്ടി വീണ്ടുമൊരു ക്യാമ്പിലേക്കുള്ള ആളുകൾ ഉണ്ടാക്കാൻ കാത്തിരിക്കുകയാണ് അധികൃതർ.

