മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴിലാളികളായ മൂന്നു സ്ത്രീകള്‍ തങ്ങള്‍ക്കെതിരേ പെണ്‍വാണിഭ കേസില്‍ കുറ്റം ചുമത്തിയ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വിധിക്കെതിരെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിധി.വേശ്യാവൃത്തി, 1956ലെ പെണ്‍വാണിഭ നിരോധന ആക്ട് പ്രകാരം കുറ്റകരമല്ല. സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പൃഥ്വിരാജ് കെ ചവാന്റെതാണ് സുപ്രധാന ഉത്തരവ്.
പിടിക്കപ്പെട്ട മൂന്നു സ്ത്രീകളും പ്രായപൂര്‍ത്തിയായവരാണ്. അവര്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശമുണ്ട്. അവര്‍ വേശ്യാവൃത്തിക്കു മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടില്ല, വേശ്യാലയം നടത്തിയിട്ടുമില്ല. ലൈംഗിക ചൂഷണവും ഒരാളെ വാണിജ്യാവശ്യത്തിന് ലൈംഗികമായി ഉപയോഗിക്കുന്നതുമാണ് നിയമപ്രകാരം കുറ്റകരമായിട്ടുള്ളത്. പൊതുസ്ഥലത്ത് വേശ്യാവൃത്തി നടത്തുന്നതും നിയമപ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
2019ലാണ് മലാഡിലെ ഒരു ഗസ്റ്റ് ഹൌസ് റെയ്ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാരായ മൂന്നു സ്ത്രീകള്‍ അറസ്റ്റിലായത്. ഇതേ ദിവസം തന്നെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറായില്ല. നല്ലനടപ്പ് നിര്‍ദേശിച്ച് ഇവരെ പിന്നീട് മുംബൈയിലെ ഒരു എന്‍ജിഒയ്ക്ക് കൈമാറുകയായിരുന്നു.വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്ന ബേഡിയാ സമുദായത്തില്‍പ്പെട്ടവരായിരുന്നു ഈ സ്ത്രീകള്‍. പിന്നീട് ഇവര്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.