കൊല്ലം : മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെയും പോലീസുകാരെയും
വീട് കയറി ആക്രമിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജിൻ്റെ പരസ്യ പ്രസ്താവന. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ശ്യാംരാജ് ഭീഷണിപ്പെടുത്തി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് കയറിയിറങ്ങുന്നുവെന്നും തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു. 26-9 -2020 ശനിയാഴ്ച മെഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് നടത്തിയ യുവമോർച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് ഭീഷണി മുഴക്കിയത്.
മന്ത്രി കെ.ടി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താൻ ശ്രമിച്ചതിനും യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് പ്രവർത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ശ്യാം രാജിൻ്റെ പരസ്യമായ ഭീഷണി ഉണ്ടായത്.
കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവമോർച്ച മാർച്ച് നടത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല.

