കൊച്ചി: സിനിമാ താരത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പി പി.എസ് സുരേഷിനെ പോലീസ് സംരക്ഷിക്കുകയാണെന്ന് പരാതി. കോടതി നിർദ്ദേശത്തെ തുടര്‍ന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തതല്ലാതെ ഡി.വൈ.എസ്.പിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അന്വേഷണം ഏറ്റെടുത്ത ശേഷം ക്രൈംബ്രാഞ്ച് പി.എസ് സുരേഷിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പ്രതിയിൽ നിന്നും തനിക്കും, ഭർത്താവിനും നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഡി.വൈ.എസ് പി ക്കെതിരെ നടപടി എടുക്കാത്തതിൽ തങ്ങൾ കടുത്ത നിരാശയിലാണ് എന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു.എസ്.സി ,എസ്.ടി അട്രാസിറ്റി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും ഡി.വൈ.എസ്.പി പി.എസ് സുരേഷിനെ അറസ്റ്റു ചെയ്തിട്ടില്ല.
സിനിമാ താരത്തിൻ്റെ ഭാര്യയായ യുവതിയെ വീട്ടിൽ കയറി വന്ന
ഡി.വൈ.എസ്.പി സുരേഷ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 2016-ൽ പട്ടാമ്പി സ്റ്റേഷനിൽ സി.ഐ ആയിരിക്കുമ്പോഴാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതി നൽകിയിട്ടും പി.എസ് സുരേഷിനെതിരെ കേസ് എടുക്കാൻ ആദ്യം പോലിസ് തയാറായില്ല. കോടതി നിർദേശ പ്രകാരം മട്ടാഞ്ചേരി എ.എസ്.പിയായിരുന്ന പി.എസ് സുരേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. എന്നാൽ സുരേഷിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യാൻ ഇതുവരെ തയ്യറായില്ല. തൃത്താല പൊലീസിൽ നിന്നും കേസ് അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിക്ക് അതേ വകുപ്പിലേക്ക് നിയമനം നൽകുകയാണുണ്ടായത്.