ഒരുവര്‍ഷത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാകും
കോലഞ്ചേരി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തില്‍ അമ്പലമേട് അമൃത കുടീരം കോളനിവാസികള്‍. തടസ്സങ്ങള്‍ വഴിമാറിയതോടെ അമൃത കുടീരം നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിലെ അമ്പലമേട് അമൃത കുടീരം നിവാസികളായ 117 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍പെടുത്തി സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും സംയുക്തമായാണ് വീട് നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി 5.96 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 2.48 കോടി രൂപ സര്‍ക്കാരും 3.48 കോടി രൂപ പഞ്ചായത്തും വഹിക്കും. ഇതില്‍ ഒരു കോടി രൂപ ഭൂമിയൊരുക്കാനാണ് ചെലവിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വേലായുധന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതിയില്‍പെടുത്തി ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൊച്ചി നഗരത്തിലെ വിവിധ പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട 124 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴ് കുടുംബങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ വീടുണ്ടെന്ന് കണ്ടത്തിയതിനാല്‍ പദ്ധതിയില്‍ നിന്നൊഴിവാക്കി. 2003 മുതല്‍ ഇവിടുത്തെ ജി.സി.ഡി.എ. വക സ്ഥലത്ത് താമസിച്ചിരുന്ന ഇവര്‍ക്ക് അമൃതാനന്ദമയി ട്രസ്റ്റാണ് താല്‍ക്കാലികമായി വീട് നിര്‍മ്മിച്ച് നല്‍കിയത്. എന്നാല്‍ കക്കൂസുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഈ വീടുകള്‍ക്കുണ്ടായിരുന്നില്ല. 200 ച. അടി മാത്രം വിസ്തീര്‍ണ്ണമുള്ള കോണ്‍ക്രീറ്റ് വീടുകള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായതോടെ പഞ്ചായത്ത് മുന്‍കൈ എടുത്ത് ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയാണ് ഇവരെ താമസിപ്പിച്ചത്. 124 കുടുംബങ്ങള്‍ക്കായി 40 പൊതുകക്കൂസുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ 6 എണ്ണം മാത്രമാണ് ഉപയോഗപ്രദമായത്. ഇവര്‍ താമസിച്ചിരുന്ന 1.85 സെന്റ് സ്ഥലത്തിന് 2005ലാണ് പട്ടയം ലഭിച്ചത്.
ഇവരുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം തേടി പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം മെയ് 30ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ലൈഫ് മിഷന് കീഴില്‍ ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വഴി തെളിഞ്ഞത്. 3.14 ഏക്കര്‍ സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. 400 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ബാത്‌റൂം അടക്കമുള്ള സൗകര്യങ്ങളൊരുക്കും. സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഗ്രാമപഞ്ചായത്തിന്റെ ശ്രമം.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8095/Life-Mission.html