ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ എന്നറിയപ്പെട്ടിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ കുടുംബത്തിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്. ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കപില്‍ വധാവനും കുടുംബവും മിര്‍ച്ചി കുടുംബത്തിന് കൈമാറിയ സ്വത്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് കപില്‍ വധാവനെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിരുന്നു. ദുബായില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള വീടും, ബിസിനസ്സ് സ്ഥാപനങ്ങളും ഉള്‍പ്പെടെ 203 കോടി രൂപയുടെ ആകെ 15 സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
ദുബായിലെ വിവിധയിടങ്ങളിലുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍, മിഡ്വെസ്റ്റ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ്, വസതികള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ നടപടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ മിര്‍ച്ചിയുടെ 573 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. നിലവില്‍ 776 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ സെപ്തംബറിലാണ് ഇക്ബാല്‍ മിര്‍ച്ചിയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിര്‍ച്ചി കൂട്ടാളികളുടെ സഹായത്തോടെ ദക്ഷിണ മുംബൈയില്‍ സ്ഥലം സ്വന്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.മുംബൈയിലെ സ്വത്തുവകകള്‍ വിറ്റശേഷം ലണ്ടനിലേക്ക് പോയ മിര്‍ച്ചി 2013ല്‍ ഹൃദ്രോഗത്താല്‍ മരിച്ചു. കള്ളപ്പണ നിക്ഷേപവിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പനാമ പേപ്പറുകളിലും മിര്‍ച്ചിയുടെ പേരുണ്ട്.