കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം: ഹരിയാനയില്‍ കര്‍ഷകരെ പിന്തുണച്ച് ബിജെപി സഖ്യസര്‍ക്കാരിലെ എംഎല്‍എമാര്‍

ചണ്ഡിഗഢ്: ഹരിയാനയില്‍ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ബിജെപി സര്‍ക്കാരിന്റെ സഖ്യ കക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍. ബര്‍വാല എംഎല്‍എ ജോഗി റാം,ഷഹാബാദ് എംഎല്‍എ രാം കരണ്‍ കാല എന്നിവരാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക ഭൂരിപക്ഷ മണ്ഡലമാണ് ജോഗിയുടെത്. മണ്ഡലത്തിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ രാജിവയ്ക്കുമെന്നും ജോഗി വ്യക്തമാക്കിയിട്ടുണ്ട്. ബില്ലുകള്‍ കര്‍ഷകന് അനുകൂലമാണെന്ന് ആദ്യം കരുതിയിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ അവ വിശദമായി പഠിച്ചു. അപ്പോഴാണ് അതിലെ കര്‍ഷക വിരുദ്ധ വസ്തുതകള്‍ വ്യക്തമായത്. ഈ ബില്ലുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഷഹബാദ് എംഎല്‍എ രാം കരണ്‍ കാല തന്റെ മണ്ഡലത്തിലെ കര്‍ഷകരുടെ ധര്‍ണയില്‍ പങ്കെടുത്തു കൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 അംഗ നിയമസഭയില്‍ 10 സീറ്റുകള്‍ നേടിയ ജെജെപിയുടെ പ്രകടനത്തില്‍ കര്‍ഷകരുടെ പിന്തുണ നിര്‍ണായകമായിരുന്നു. ഹരിയാന സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനമുള്ള കക്ഷിയാണ് ജെജെപി. ജെജെപിയിലെ മുതിര്‍ന്ന നേതാവ് ദുഷ്യന്ത് ചൗതാലയാണ് ഹരിയാന ഉപമുഖ്യമന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →