കോണ്‍സുലേറ്റ് വഴിയുള്ള പാഴ്‌സല്‍ വിതരണം അന്വേഷിക്കാന്‍ കസ്റ്റംസില്‍ പ്രത്യേക സംഘം. ഖുറാനും ഈന്തപ്പഴവും എത്തിച്ചത് അന്വേഷിക്കും.

ന്യൂഡല്‍ഹി : കോണ്‍സുലേറ്റ് വഴിയുള്ള പാഴ്‌സല്‍ വിതരണം അന്വേഷിക്കാന്‍ കസ്റ്റംസില്‍ പ്രത്യേക സംഘം രൂപീകരിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിന് പുറമേ ഒരു സൂപ്രണ്ടും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന പ്രത്യേക സംഘം കേസുകളില്‍ അന്വേഷണം നടത്തും. നിലവില്‍ ഏഴ് പേരുടെ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. മന്ത്രി കെ.ടി. ജലീലിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരെയും സംഘം വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.

യുഎഇ കോണ്‍സുലേറ്റ് 2016 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ 17000 കിലോ ഈന്തപ്പഴമാണ് കേരളത്തിലേക്കയച്ചത്. കോണ്‍സുല്‍ ജനറലിന്റെ പേരിലാണ് ഇത് എത്തിയത്. വാാണിജ്യ ആവശ്യത്തിനല്ലാതെ ഇത്രയും കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി കസ്റ്റംസ് കേസെടുത്തു. ഖുര്‍ആന്‍ എത്തിച്ച സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ചതും മതഗ്രന്ഥങ്ങള്‍ എത്തിച്ചതും രണ്ടു കേസുകളായി പരിഗണിച്ചാണ് പുതിയ സംഘം അന്വേഷിക്കുക.

സര്‍ക്കാര്‍ കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈപ്പറ്റിയതിനാണ് കേസ്. എഫ്.സി.ആര്‍.എ, പി.എം.എല്‍.എ, കസ്റ്റംസ് ആക്ട് എന്നിവയാണ് ലംഘിച്ചതായി കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →