ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജെ എൻ യു വിലെ മുൻ വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റപ്പെടുകയും ചെയ്തതിൽ വലിയ ജനാധിപത്യ വിരുദ്ധതയുണ്ടെന്ന് വിമർശകർ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം ) 153 എ (മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ശത്രുത വളർത്തൽ) 124 എ (രാജ്യദ്രോഹം ) എന്നിവ പ്രകാരമാണ് ഡൽഹി പൊലീസ് ഉമർ ഖാലിദ് അടക്കമുള്ളവർക്കെതിരെ അന്വേണം നടത്തുന്നത്. യു എ പി എ നിയമത്തിലെ 13, 16 , 17, 18 എന്നീ വകുപ്പുകൾ പിന്നീട് ഇതിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു.
2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയ കലാപം ഖാലിദും മറ്റുള്ളവരും ചേർന്ന് ആസൂത്രണം ചെയ്തതാണ് എന്നാണ് ഡൽഹി പൊലീസിൻ്റെ ആരോപണം. പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ് എന്ന ധാരണ രാജ്യത്തും അന്താരാഷ്ട്ര സമൂഹത്തിലും ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചു എന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനവേളയെ അതിനായി ഇവർ സമർത്ഥമായി ഉപയോഗിച്ചു എന്നും പൊലീസ് പറയുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ആളുകളെ തെരുവിൽ ഇറക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് ഉമർ ഖാലിദ് അടക്കമുള്ളവർക്കെതിരായ കുറ്റമായി പൊലീസ് പറയുന്നത്. ഗൂഢാലോചന നടപ്പിലാക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വാട്സ് ആപ്പ് ചാറ്റുകൾ , സാക്ഷി മൊഴികൾ, ഇന്ത്യയ്ക്കകത്തും വിദേശത്തു നിന്നും പണം സ്വീകരിച്ചതിൻ്റെ തെളിവുകൾ എന്നിവ തങ്ങൾക്ക് ലഭിച്ചതായാണ് പൊലീസിൻ്റെ അവകാശവാദം.
എന്നാൽ,സർക്കാരിനെതിരെ പ്രസംഗിക്കുകയും എഴുതുകയും അഭിപ്രായ പ്രകടനം നടത്തുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്നവർക്കെതിരെ ഭീകരവാദം തടയുന്നതിനായി കൊണ്ടു വന്ന ഒരു നിയമത്തെ ഉപയോഗിക്കുന്നു എന്നതാണ് ഇതിനെതിരെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
യുഎപിഎ പ്രാഥമികമായി ഒരു തീവ്രവാദ വിരുദ്ധ നിയമമാണ് . വിഘടനവാദ സംഘടനകളെ ലക്ഷ്യമിട്ടാണ് 1967 ൽ ഇത് കൊണ്ടു വന്നത്. കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികൾ യുഎപിഎയെ കൂടുതൽ കർശനമാക്കി മാറ്റി. 2019 ലെ അവസാന ഭേദഗതിയെ തുടർന്ന് പൊലീസിന് ഒരു വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കാമെന്നു വന്നു. തീവ്രവാദം എന്ന ആരോപണം മുൻപ് ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പേരിൽ മാത്രമാണ് ഉന്നയിക്കപ്പെട്ടത് എങ്കിൽ 2019 ലെ യു എ പി എ ഭേദഗതിയോടെ അത് വ്യക്തികൾക്കെതിരെയും ആകാമെന്നായി.
സാമൂഹ്യ പ്രവർത്തകർ, വിദ്യാർത്ഥി നേതാക്കൾ, പത്രപ്രവർത്തകർ, എഴുത്തുകാർ എന്നിവർക്കെതിരെയും ഈ നിയമം പ്രയോഗിക്കപ്പെട്ടു. ഭീമ-കൊറെഗാവ് കേസിൽ സമൂഹ്യ പ്രവർത്തകർക്കും എഴുത്തുകാർക്കുമെതിരെ യുഎപിഎ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കശ്മീരിൽ കുറഞ്ഞത് രണ്ട് പത്രപ്രവർത്തകർക്കെതിരെയും രണ്ട് വിദ്യാർത്ഥിനികൾക്കെതിരെയും യു എ പി എ ചുമത്തപ്പെട്ടു. ഒടുവിൽ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥിനി സഫൂറയ്ക്കെതിരെയും ഇപ്പോൾ ഉമർ ഖാലിദിനെതിരെയും ഇതേ നിയമം പ്രയോഗിക്കപ്പെട്ടിരിക്കുന്നു.
സംസാരിക്കുന്നതോ എഴുതിയതോ ആയ വാക്കുകൾ, അടയാളങ്ങൾ അല്ലെങ്കിൽ ദൃശ്യമായ പ്രാതിനിധ്യം എന്നിവ ഇന്ത്യയുടെ ഏതെങ്കിലും ഭാഗം വേർപെടുത്തുകയെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്നതോ അല്ലെങ്കിൽ ആരെയെങ്കിലും വിഭജനത്തിലേക്ക് പ്രേരിപ്പിക്കുന്നതോ ആണ് എന്ന് ബോധ്യപ്പെട്ടാൽ ഒരാൾക്കെതിരെ യു എ പി എ ചുമത്താം. ഇന്ത്യയുടെ പരമാധികാരത്തെ നിരാകരിക്കുകയോ ചോദ്യം ചെയ്യുകയോ തടസ്സപ്പെടുത്തുകയോ രാജ്യത്തിനെതിരെ പൊതു സമൂഹത്തിൽ അസംതൃപ്തി ഉണ്ടാക്കുകയോ അതിനായി ഉദ്ദേശിക്കുകയോ ചെയ്താലും ഈ നിയമം പ്രയോഗിക്കാം. “അസംതൃപ്തി” എന്ന വാക്ക് നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടില്ല എന്നതിനാൽ സർക്കാരിനെതിരായ ഏതൊരു വിമർശനത്തെയും ഇതിലുൾപ്പെടുത്താം എന്നു വരുന്നു.
യുഎപിഎയ്ക്ക് കീഴിലുള്ള കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് വളരെ അപൂർവമാണ്. കേസ് “പ്രഥമദൃഷ്ട്യാ” ശരിയാണെങ്കിൽ കോടതിക്ക് ജാമ്യം നിരസിക്കാൻ കഴിയും. ഒരു പ്രതിക്ക് മുൻകൂട്ടി ജാമ്യം തേടാൻ കഴിയില്ല എന്നു മാത്രമല്ല പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന പ്രകാരം അന്വേഷണ കാലയളവ് 90 ദിവസത്തിൽ നിന്നും 180 ദിവസത്തേക്ക് നീട്ടാനും കഴിയും. അതായത് ഇത്തരം കേസുകളിൽ പ്രതിക്ക് സ്ഥിരമായി ജാമ്യം ലഭിക്കാൻ സാധ്യതയില്ല എന്നർത്ഥം.
യുഎപിഎ കേസുകളിൽ, സാധാരണ ക്രിമിനൽ കേസുകളിൽ അനുവദിച്ചിരി ക്കുന്ന 15 ദിവസത്തിൽ നിന്ന് 30 ദിവസത്തേക്ക് പോലീസ് കസ്റ്റഡി നീട്ടുകയും ചെയ്യാം.
ഡൽഹി പൊലീസ് ഏകപക്ഷീയമായി കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് എന്ന വിമർശനവും ഉന്നയിക്കപ്പെടുന്നുണ്ട്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി , യോഗേന്ദ്ര യാദവ് എന്നിവരുടെ പേര് ഉൾപെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

