വാഷിങ്ടണ്‍ ഡിസി: യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയുടെ സംഘടനയായ കമ്മിഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമനില്‍ (സി.എസ്.ഡബ്ല്യൂ) ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. 2021 മുതല്‍ 2025 വരെ നാല് വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, ഇന്ത്യയോടൊപ്പം ചൈന, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റസ് ഓഫ് വിമന്‍ കമ്മിഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ 54 അംഗ വോട്ടെടുപ്പില്‍ ന്യൂഡല്‍ഹിയും കാബൂളും വിജയിച്ചപ്പോള്‍ ചൈന തെരഞ്ഞെടുക്കപ്പെട്ടില്ല.
‘രാജ്യം സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പുവരുത്തിയതിന് ലഭിച്ച അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി..’, ഇതായിരുന്നു ടി.എസ് തിരുമൂര്‍ത്തിയുടെ ട്വീറ്റ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് സി.എസ്.ഡബ്ല്യൂ.

