നീറ്റ് പരീക്ഷയെ ‘മനു നീതി’ പരീക്ഷയെന്ന് വിശേഷിപ്പിച്ച് തമിഴ് നടന്‍ സൂര്യ: കോടതിയലക്ഷ്യ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ്

ചെന്നൈ: തമിഴ് നടന്‍ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി സാഹിയോടാണ് ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. സ്വന്തം ജീവനില്‍ ഭയപ്പെടുന്നതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി നടപ്പാക്കുന്ന കോടതികള്‍ വിദ്യാര്‍ത്ഥികളോട് ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു. സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നാണ് സുബ്രഹ്മണ്യം പറയുന്നത്. നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ഭയം കാരണം തമിഴ്നാട്ടിലെ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടന്റെ പ്രതികരണം. വിദ്യാഭ്യാസ സമ്പ്രദായത്തെയും നീതിന്യായ വ്യവസ്ഥകളെയും വിമര്‍ശിച്ച് കൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം പങ്കുവച്ചത്.

നീറ്റ് ഭയത്തെ തുടര്‍ന്ന് ഒരേ ദിവസം മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത തന്റെ മനസാക്ഷിയെ ഇളക്കി മറിച്ചുവെന്നും. ജീവന് അപകടകരമായ മഹാമാരിയിലൂടെ നാം കടന്നുപോകുമ്പോള്‍ വിദ്യാഥികള്‍ പരീക്ഷ എഴുതി തങ്ങളുടെ കഴിവും മൂല്യവും തെളിയിക്കേണ്ട നിര്‍ബന്ധിത സാഹചര്യം തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നുവെന്നും’ നടന്‍ സൂര്യ കുറിപ്പിലൂടെ പറഞ്ഞു. നീറ്റ് പരീക്ഷയെ ‘മനു നീതി’ പരീക്ഷയെന്നാണ് സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ക്ക് പകരം ആശ്വാസ വാക്കുകള്‍ നല്‍കുന്നതിനെക്കാള്‍ ലജ്ജാകരമായ മറ്റൊന്ന് ഇല്ലെന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഒരുക്കേണ്ട സര്‍ക്കാര്‍ ഏറ്റക്കുറച്ചിലും ഭിന്നിപ്പുമുണ്ടാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നിയമമായി നടപ്പിലാക്കുന്നത്.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ അറിയാതെയും അത് മനസിലാക്കാതെയും സര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്തുകയാണ്. കൊറോണയെ ഭയന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നീതി നടപ്പിലാക്കുന്ന കോടതിയാണ് വിദ്യാര്‍ഥികളോട് ഭയപ്പെടാതെ പരീക്ഷയ്ക്ക് ഹാജരാകാന്‍ പറയുന്നത്. നീറ്റ് പോലുള്ള ‘മനു നീതി’ പരീക്ഷകള്‍ നമ്മുടെ വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ മാത്രമല്ല, അവരുടെ ജീവനും ഇല്ലാതാകുന്നു. ഈ പരീക്ഷ സമ്പ്രദായം കാരണം മക്കളെ നഷ്ടമാകുന്ന മാതാപിതാക്കള്‍ക്ക് ഇതൊരു ആജീവനാന്ത ശിക്ഷയായി മാറുന്നു. ഇനി എങ്കിലും വിദ്യാര്‍ഥികളുടെ നന്മയ്ക്ക് കൂട്ടുനില്‍ക്കാത്ത ഈ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കണം.

മഹാഭാരതത്തില്‍ ദ്രോണാചാര്യന്‍ ഏകലവ്യന്റെ പെരുവിരല്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ആധുനിക കാലത്തെ ദ്രോണന്മാര്‍ ആറാം ക്ലാസ് വിദ്യാര്‍ഥികളോട് പോലും പരീക്ഷ എഴുതാനും അവരുടെ അറിവും മൂല്യവും തെളിയിക്കാനും ആവശ്യപെടുന്നു. ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ച് വിജയിച്ച് വരുന്ന കഴിവുള്ള വിദ്യാര്‍ഥികളെ ബലിയര്‍പ്പിക്കാന്‍ അവര്‍ നീറ്റ് പോലുള്ള ശക്തമായ ആയുധങ്ങള്‍ പ്രയോഗിക്കുന്നു. ഒരു ദിവസം തന്നെ നീറ്റ് പരീക്ഷ കാരണം മരണപ്പെട്ടത് മൂന്ന് വിദ്യാര്‍ഥികളാണ്. ഇതില്‍ താന്‍ ഖേദിക്കുന്നു. നീറ്റിന് എതിരെ നാം ഒറ്റക്കെട്ടായി ചേര്‍ന്ന് ശബ്ദമുയര്‍ത്തണമെന്നും’ സൂര്യ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഈ കുറിപ്പ് തന്റെ അഭിപ്രായത്തില്‍ കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സമഗ്രതയും കൂറും മഹത്തായ രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുകയും വളരെ മോശമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ ജസ്റ്റിസ് സുബ്രഹ്മണ്യം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →