ഡൽഹി: സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങി അഞ്ച് പ്രമുഖരുടെ പേരുകൾ ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനക്കാരെന്ന തരത്തിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു. ആരുടെയും പേരുകൾ ഇത്തരത്തിൽ കുറ്റപത്രത്തിൽ കൊടുത്തിട്ടില്ല. സി എ എ വിരുദ്ധ സമരത്തിൽ ഈ നേതാക്കളുടെ സാന്നിധ്യത്തെ കുറിച്ച് ഒരു പ്രതി പറഞ്ഞ കാര്യം മാത്രമാണ് കുറ്റപത്രത്തിൽ ഉള്ളതെന്നും പൊലീസ് പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് , ഡൽഹി സർവകലാശാലാ പ്രൊഫസറും സാമൂഹ്യ പ്രവർത്തകനുമായ അപൂർവാനന്ദ് , ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് എന്നിവരെ ഗൂഢാലോചനക്കാരാക്കി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു എന്ന കാര്യം ഒരു വാർത്താ ഏജൻസിയാണ് റിപ്പോർട് ചെയ്തത്.
റിപ്പോർട്ട് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് ഡൽഹി പൊലീസിൻ്റെ വിശദീകരണം.
അതേ സമയം കുറ്റപത്രത്തിൽ സീതാറാം യച്ചൂരിയടക്കമുള്ളവരുടെ പേര് ചേർത്തിട്ടുണ്ട് എന്ന വാർത്തയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്തു. ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

