ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പാറത്തോട്ടില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റ്യന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിസന്ധി നേരിടുന്നതിനൊപ്പം വികസനോത്മക കാഴ്ചപാടുകളോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തി അടിസ്ഥാന വികസനം സാധ്യമാക്കാന്‍ കഴിഞ്ഞു. കഴിയുന്നത്ര റോഡുകളെ ബി.എം.ടി.സി നിലവാരത്തിലേക്ക് മാറ്റി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കി സര്‍ക്കാര്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡീന്‍ കുര്യാക്കോസ് എംപി ആശംസാ സന്ദേശം നല്‍കി. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ സ്വാഗതം പറഞ്ഞു.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ പാറത്തോട് പ്രവര്‍ത്തിച്ചു വന്നിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തിയത്. പാറത്തോട് ടൗണില്‍ കൊത്തളത്തില്‍ ബില്‍ഡിങ്ങിലാണ് പുതിയ സുപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
പാറത്തോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം നോബിള്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി.പി മല്‍ക്ക ആദ്യവില്പന നിര്‍വഹിച്ചു. വിവിധ സാമൂഹ്യ- രാഷ്ട്രീയ സംഘടന നേതാക്കളായ കെഎം ഷാജി, പിഎന്‍ വിജയന്‍, ജെയിംസ് മ്ലാക്കുഴി, വി.എം നാരയണന്‍, വക്കച്ചന്‍ തോമസ്, ഷാജി ജോസഫ് കാഞ്ഞമല, ഷാജന്‍ തോമസ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി. അജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7812/Supplyco-Supermarket-opens-in-Paramthodu.html