അതിജീവനത്തിനായി പെരിഞ്ഞനത്തിന്റെ ‘പ്രളയപ്പുരകള്‍’

തൃശൂര്‍: പ്രളയം ജീവിതം തകര്‍ത്തറിഞ്ഞവര്‍ക്ക് നേരെ കരുതലിന്റെ ‘പ്രളയപ്പുരകള്‍’ നീട്ടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. 2018ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് പഞ്ചായത്ത്. സെപ്റ്റംബര്‍ 12 ന് കുറ്റിലക്കടവ് ഫ്‌ളാറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് വീടുകളുടെ താക്കോല്‍ കൈമാറും.

പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കനോലി കനാലിനോട് ചേര്‍ന്ന് 60 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബ്ബിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് ഭവനസമുച്ചയം പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ശങ്കര്‍ രൂപകല്പന ചെയ്ത വീടുകള്‍ ഓരോന്നും 530 ചതുരശ്ര അടി വീതമാണ്. ഇരുനിലകളിലായി നാല് വീടുകള്‍ അടങ്ങുന്ന ഭവനസമുച്ചയങ്ങളാണിവ. രണ്ട് കിടപ്പുമുറി, അറ്റാച്ച്ഡ് ബാത്‌റൂം, വരാന്ത, അടുക്കള, ബാല്‍ക്കണി എന്നിവയുള്ള വീടുകളില്‍ വൈദ്യുതീകരണം അടക്കമുള്ള പണികളും ഹാബിറ്റാറ്റ് തന്നെയാണ് പൂര്‍ത്തിയാക്കിയത്.

വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ റവന്യൂ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കലിനായി മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയാണ് മുന്‍കൈ എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് പറഞ്ഞു. പെരിഞ്ഞനം ആര്‍ എം വി എച്ച് എസ് സ്‌കൂളിലെ മാനേജര്‍ ഫാത്തിമ മോഹന്‍ സഹകരിച്ച് നാല് സെന്റ് ഭൂമി പുറമ്പോക്ക് ഭൂമിയിലേക്കുള്ള വഴിക്കായി വിട്ടുനല്‍കി. രണ്ട് മീറ്റര്‍ വഴി പിന്നീട് 12 അടിയാക്കി മാറ്റി. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 1,72,000 രൂപ മുഹമ്മദ് മതിലകത്ത് വീട്ടില്‍ എന്ന പ്രവാസി നല്‍കി. പദ്ധതി പ്രദേശത്തിന് മുന്നിലൂടെ പോകുന്ന തോടിന്റെ സംരക്ഷണത്തിനായി ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് 15 ലക്ഷം രൂപ വകയിരുത്തി തോടിന്റെ സൈഡ് ഭിത്തികള്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തു. ഇതുമൂലം കൂടുതല്‍ സ്ഥലം ലാഭിക്കാന്‍ സാധിച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് കാന നിര്‍മ്മിക്കുകയും 5 ലക്ഷം രൂപ ഉപയോഗിച്ച് വഴി മുഴുവനായി ടൈല്‍ വിരിക്കുകയും ചെയ്തു. ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7747/Pralayapura.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →