ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ഓർഡിനൻസുകൾക്കെതിരെ ഹരിയാനയിൽ കർഷകർ പ്രക്ഷോഭം തുടങ്ങി. ഓർഡിനൻസുകൾ കർഷക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭാരതീയ കിസാൻ യൂണിയൻ്റെ നേതൃത്വത്തിൽ കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഉൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച (10.09.2020) കുരുക്ഷേത്രയ്ക്ക് സമീപം സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയും സമരക്കാർ 2 മണിക്കൂറോളം ഡൽഹി – അംബാല ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കുരുക്ഷേത്രയ്ക്കടുത്ത പീപ്പ്ലിയിൽ നടത്താനിരുന്ന റാലി കോവിഡ് സാഹചര്യത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. കർഷകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കൂറോളം കർഷകർ ഡൽഹി – അംബാല ഹൈവേ ഉപരോധിച്ചു.
പോലീസ് ലാത്തിച്ചാർജ് നടത്തിയതായും ഏതാനും പേർക്ക് പരിക്കേറ്റതായും നേതാക്കൾ ആരോപിച്ചു. എന്നാൽ ലാത്തിച്ചാർജ് നടത്തിയില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
സപ്തംബർ 20ന് ഹരിയാനയിലെ മുഴുവൻ റോഡുകളും ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ ട്രേഡ് ആൻറ് കൊമേഴ്സ് ഓഡിനൻസ്, ഫാർമേഴ്സ് എഗ്രിമെൻറ് ഓൺ പ്രൈസ് എഷൂറൻസ് ആൻഡ് ഫാം സർവീസസ് ഓർഡിനൻസ്, എസെൻഷ്യൽ കമ്മ്യൂണിറ്റി ആക്ടിലെ ഭേദഗതി, എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.
കാർഷികരംഗത്ത് പുത്തനുണർവ് ഉണ്ടാക്കുന്നവയാണ് പുതിയ പരിഷ്കാരങ്ങൾ എന്ന പ്രചരണവുമായി ബിജെപിയും രംഗത്തുണ്ട്.