ന്യൂഡൽഹി: രഹസ്യസ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്മാർട്ട്ഫോൺ നിയന്ത്രണവുമായി ബന്ധപ്പെട്ട് സേന പുതിയ നിബന്ധനകൾ ബുധനാഴ്ച ഇറക്കിയിരുന്നു.
പുതിയ നിബന്ധനകൾ പ്രകാരം ആരെങ്കിലും സ്മാർട്ട്ഫോണുകൾ ഓഫീസിൽ കൊണ്ടു വന്നാൽ അവ പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടതാണ്.
പുതിയ നിബന്ധന പ്രകാരം അത്യന്തം രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസുകളിലും ഇടങ്ങളിലും സ്മാർട്ട് ഫോണുകൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാനായി ഇനി മുതൽ സിആർപിഎഫ് ആസ്ഥാനത്തുനിന്ന് അനുമതി വാങ്ങണം.
സാധാരണ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല എന്ന് സേനയുടെ പുതിയ ഉത്തരവ് പറയുന്നു.