കോവിഡ് കാലത്തെ ബാങ്ക് പലിശ എഴുതിത്തള്ളാൻ ഡിസാസ്റ്റർ മാനേജ്മെൻറ് ആക്റ്റ് ഉപയോഗപ്പെടുത്തണമെന്ന് സുപ്രീം കോടതിയിൽ വാദം

ഡൽഹി: കോവിഡ് മൂലം ബാങ്ക് വായ്പകൾക്കു അനുവദിച്ച മൊറോട്ടോറിയത്തിന് പലിശയിളവ് പ്രഖ്യാപിക്കാൻ സർക്കാരിന് ദേശീയ ദുരന്ത നിവാരണ നിയമം (എൻ.ഡി. എം. എ) ഉപയോഗപ്പെടുത്താമെന്ന് സുപ്രീം കോടതിയിൽ വാദം ഉയർന്നു. ഇതു സംബന്ധിച്ച കേസ് 02-08-2020 ബുധനാഴ്ചയാണ് പരിഗണനയ്ക്കു വന്നത്.

മൊറട്ടോറിയം നിലനിൽക്കുന്ന കാലഘട്ടത്തിൽ പലിശയിളവ് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് (ക്രഡായി ) മഹാരാഷ്ട്ര, റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മഹാരാഷ്ട്ര, അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്സ്, ഷോപ്പിംഗ് സെന്റർ അസോസിയേഷൻ തുടങ്ങിയവർസമർപ്പിച്ച ഹർജിയിൽ മേലാണ് സംഘടനകൾക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഈ വാദം ഉന്നയിച്ചത്.

ജസ്റ്റിസ് അശോക് ഭൂഷൺ നേതൃത്വം നൽകുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.

ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ 13, 16, 18 ചട്ടങ്ങൾ ഉപയോഗപ്പെടുത്തി ദുരന്തബാധിതർക്ക് ഇളവുകൾ നൽകുവാനുള്ള അവകാശം സർക്കാരിനുണ്ട് എന്നാണ് അപേക്ഷകർക്കായി ഹാജരായ മുതിർന്ന അഭിഭാഷകർ വാദിച്ചത്.

അഭിഭാഷകരുടെ പ്രാധന വാദങ്ങള്‍ ഇപ്രകാരം : മൊറോട്ടോറിയകാലത്ത് അടയ്ക്കേണ്ട പലിശയ്ക്കു മേൽ പലിശ ചുമത്തുന്നത് നിയമവിരുദ്ധമാണ്. പലിശ പൂർണമായും എഴുതിത്തള്ളുകയോ ഇളവ് അനുവദിക്കുകയോ ചെയ്യുന്നതിന് കൃത്യമായ സംവിധാനം ഉണ്ടാകണം. പല ബാങ്കുകൾക്കും പല രീതിയിൽ പലിശ തീരുമാനം എടുക്കാനുള്ള അവകാശം നൽകരുത്.

കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ തുഷാർ മേത്ത വിവാദങ്ങൾക്കിടയിൽ സുപ്രീം കോടതിയിലെ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന ആവശ്യമുന്നയിച്ച് ഉച്ചയ്ക്ക് 12.30 ന് കോടതി മുറിയിൽ നിന്നിറങ്ങി.

മൊറോട്ടോറിയം നിലനിൽക്കുന്ന കാലഘട്ടത്തിൽ പലിശ മുഴുവനായി എഴുതിത്തള്ളിയാൽ ബാങ്കുകളുടെ നടത്തിപ്പിനെ അത് സാരമായി ബാധിക്കും എന്നാണ് റിസർവ് ബാങ്കിന്റേയും മറ്റു ബാങ്കുകളുടെയും നിലപാട്.

മൊറോട്ടോറിയം രണ്ടു വർഷം വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ അറ്റോർണി ജനറല്‍ 01-09-2020, ചൊവ്വാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പലിശ കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുന്നു എന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞിരുന്നു. മൊറോട്ടോറിയകാലപരിധിയില്‍ അടയ്ക്കേണ്ട പലിശയെ സംബന്ധിച്ചാണ് ഇപ്പോൾ അവ്യക്തത നിലനിൽക്കുന്നത്. വാദം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →