കുമ്പള: പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂട്ടുപ്രതിയായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു . പ്രതികളായ യുവാക്കൾക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കട്ടത്തങ്ങാടി പെരിയടുക്ക ലക്ഷം വീട് കോളനിയിലെ സുനിത (30) യെയാണ് കുമ്പള അഡീഷണല്‍ എസ് ഐ പി സോമയ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം. ഇതേ പെൺകുട്ടിയെ കാസർകോട് സ്വദേശിയായ ഒരാൾ പീഡിപ്പിച്ചു എന്ന പരാതിയിൽ ബദിയടുക്ക പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുമ്പളയിൽ വച്ച് രണ്ടു വർഷം മുൻപു നടന്ന പീഡന വിവരവും പുറത്തു വരുന്നത്.
2018 ഡിസംബര്‍ 18 ന് രാത്രിയിലാണ് പീഡനം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. കുമ്പളയില്‍ നടക്കുന്ന ഉത്സവത്തിന് പോകാമെന്നു പറഞ്ഞ് സുനിത പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരികയും പ്രതികളിലൊരാളുടെ ബൈക്കിൽ കയറ്റി പെൺകുട്ടിയെ കുമ്പള സർക്കാർ ആശുപത്രിക്ക് സമീപത്തേക്ക് എത്തിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. അവിടെയുള്ള കുറ്റിക്കാട്ടിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി രണ്ട് യുവാക്കൾ ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

