ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് അതിക്രമങ്ങള്‍ തടയാനുളള മാര്‍ഗ്ഗം സൈന്യത്തിന്റെ മുമ്പിലുണ്ടെന്ന് ഇന്ത്യയുടെ സംയുക്ത സൈന്യത്തിന്റെ മേധാവി ജനറല്‍ ബിബിന്‍ റാവത്ത്. അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ബല്ല്യമായി കാണരുതെന്നും റാവത്ത് പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ സൈനീക നീക്കം നടത്തുമെന്നുളള സൂചനയും അദ്ദേഹം നല്കി.
രണ്ടു സൈന്യങ്ങളുടേയും മേധാവികള്‍ തമ്മിലുളള കമാന്റ്തല ചര്‍ച്ചയും നയതന്ത്ര മാര്‍ഗ്ഗവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനീകമാര്‍ഗ്ഗം പരിഗണണിക്കുകയുളളുവെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് നിയന്ത്രണ രേഖയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതെന്നും കൃത്യമായി അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്തവിധം നിരവധി പ്രദേശങ്ങള്‍ നമുക്കുളളതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അത്തരം പ്രദേശങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചതന്നെയാണ് നല്ലതെന്നും ചര്‍ച്ചകളിലൂടെ പിന്‍മാറ്റം തീരുമാനിക്കലാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സൈന്യം. പക്ഷെ സൈനീക നീക്കം ആവശ്യമെങ്കില്‍ സൈന്യം ഏതുസമയവും അതിന് തയ്യാറാണെന്നും ജനറല്‍ റാവത്ത് പറഞ്ഞു.

