കൊല്ലം : കശുവണ്ടി തൊഴിലാളികളുടെ 2020 ലെ ബോണസ് പ്രഖ്യാപിച്ചു. 20 ശതമാനമാണ് ബോണസ്. ബോണസ് അഡ്വാന്‍സായി 9500 രൂപ ലഭിക്കും. ഫിഷറീസ് കശുവണ്ടി വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ കൊല്ലം കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപനം. സ്വകാര്യ മേഖലാ ഫാക്ടറി ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തില്ല. ബോണസ് അഡ്വാന്‍സ് തുക ഈ മാസം 27 നകം വിതരണം ചെയ്യണം.
ഓഗസ്റ്റ് 15, തിരുവോണം എന്നീ ദിവസങ്ങളിലെ ഉത്സവ ദിന ശമ്പളം ബോണസ് അഡ്വാന്‍സിനൊപ്പം നല്‍കും . കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിനു തുല്യമായ തുക ബോണസായി നല്‍കും. മാന്ദ്യവും മഹാമാരിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കാവുന്ന മാന്യമായ ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ എന്‍ സുനില്‍, രജ്ഞിത് പി മനോഹര്‍, റീജിയണല്‍ ജോയിന്റ് കമ്മീഷണര്‍ പി കെ ശങ്കര്‍ , ജില്ലാ ലേബര്‍ ഓഫീസര്‍മാരായ എ ബിന്ദു, ടി ആര്‍ മനോജ് കുമാര്‍, കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ക്യാപെക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, കാഷ്യു കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ ബി തുളസീധരക്കുറുപ്പ്, എ എ അസീസ്, എസ് ശ്രീകുമാര്‍, കരിങ്ങന്നൂര്‍ മുരളി, ശിവജി സുദര്‍ശന്‍, എഴുകോണ്‍ സത്യന്‍, അഡ്വ. പി ലാലു, അഡ്വ. കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7331/twenty-percentage-bonus-for-cashew-factory-workers-.html