പാലക്കാട് : ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം വഴി ഏറ്റവും പുതിയ ചികില്‍സാ സൗകര്യങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്കും ലഭിക്കുമെന്ന് ഇതേക്കുറിച്ച് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ചൂണ്ടിക്കാട്ടി.
വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ ഗവേഷണങ്ങളുടെ നേട്ടങ്ങള്‍ വിദൂര ഗ്രാമങ്ങളിലെ ചെറിയ ആശുപത്രികളില്‍ പോലും ലഭിക്കാനും വ്യക്തികളുടെ ആരോഗ്യ സ്ഥിതിവിവരങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കാനും വഴിയൊരുക്കുന്നതായിരിക്കും ഡിജിറ്റല്‍ ആരോഗ്യ ദൗത്യം. വാര്‍ത്താ വിനിമയ രംഗത്തെ മുന്നേറ്റങ്ങളും വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യവും സംയോജിപ്പിച്ചാകും ഡിജിറ്റല്‍ ആരോഗ്യ ദൗത്യം നടപ്പാക്കുന്നത്.
വ്യക്തികള്‍ക്കു നല്‍കുന്ന സവിശേഷമായ അക്കൗണ്ടില്‍ ആരോഗ്യപരമായ എല്ലാ വിവരങ്ങളും ലഭ്യമായിരിക്കും. ഇത് രോഗനിര്‍ണയത്തിനും തുടര്‍ന്നുള്ള ചികില്‍സയ്ക്കും ഏറെ സൗകര്യമാകുമെന്നും വെബിനാര്‍ ഉദ്ഘാടനം ചെയ്ത ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ്. സുനിത ചൂണ്ടിക്കാട്ടി.
ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ജില്ലാ ഹോമിയോ ആശുപത്രി സീതാലയം മേധാവി ഡോ എന്‍. പത്മ സുഗന്യ ക്ലാസുകള്‍ നയിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി. സായ്‌നാഥ് മോഡറേറ്ററായി. കുഴല്‍മന്ദം ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫിസര്‍ ആര്‍. രമ, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ പ്രജിത്ത് കുമാര്‍, ഫീല്‍ഡ് എക്‌സിബിഷന്‍ അസിസ്റ്റന്റ് രമ്യ രവീന്ദ്രന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഖദീജ തുടങ്ങിയവര്‍ സംബന്ധിച്ചു. കുഴൽ മന്നം പ്രദേശത്തെ അറുപതോളം പേർ വെബ്ബിനാറിൽ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1646958

