വൂളി കണ്ടാമൃഗങ്ങളെ ഇല്ലാതാക്കിയത് കാലാവസ്ഥാ മാറ്റമാകാമെന്ന് ഗവേഷകർ

ലണ്ടൻ: അവസാന ഹിമയുഗ കാലത്ത് ജീവിച്ചിരുന്ന വൂളി കണ്ടാമൃഗങ്ങളെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാക്കിയത് കാലാവസ്ഥാ മാറ്റമാകാമെന്ന് ഗവേഷകർ.

മനുഷ്യരുടെ വേട്ടയാടലാണ് ഇവയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയത് എന്നായിരുന്നു ഇതുവരെയുളള ധാരണ. എന്നാൽ വേട്ടയാടലിനേക്കാളും മുന്നിൽ കാലാവസ്ഥാ മാറ്റമാണ് രോമങ്ങളുള്ള ഈ കൂറ്റൻ കണ്ടാമൃഗങ്ങളുടെ നാശത്തിന് കാരണമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

14 വൂളി കണ്ടാമൃഗങ്ങളുടെ ഫോസിലുകളിൽ നിന്നും ശേഖരിച്ച ഡി.എൻ.എ കൾ പഠനവിധേയമാക്കിയാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.

ഏകദേശം 10000 വർഷം മുൻപാണ് ഇവ ഭൂമുഖത്തു നിന്നും ഇല്ലാതായത്. സമ്പൂർണ നാശത്തിന് മുമ്പുള്ള വർഷങ്ങളിൽ ഇവയുടെ എണ്ണത്തിൽ പ്രകടമായ ഏറ്റക്കുറച്ചിലുകളൊന്നും ഗവേഷകർക്ക് കണ്ടെത്താനായില്ല , എല്ലാം പെട്ടന്നാണ് ഇല്ലാതായത്.

മഞ്ഞിൽ ജീവിക്കാൻ അനുകൂലനങ്ങളുള്ള ജന്തുവർഗമായിരുന്നു ഇവ. ഹിമയുഗത്തിന്റെ അവസാനം താപനില പെട്ടന്ന് ഉയർന്നു. ഈ താപ വർദ്ധനവിനെ അതിജീവിക്കാൻ ഇവയ്ക്ക് സാധിച്ചിരിക്കില്ല എന്നാണ് ഗവേഷകർ കരുതുന്നത്.

ഫ്രാൻസിലെ ഒരു ഗുഹയിൽ ബി.സി. 8000 ത്തിൽ വരച്ചതെന്നു കരുതുന്ന ഇവയുടെ ചിത്രങ്ങളുണ്ട്. ‘മമ്മി ‘യാക്കപ്പെട്ട നിലയിലുൾപ്പടെ നിരവധി അവശേഷിപ്പുകളും പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും സൈബീരിയയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ലഭ്യമായ പല അസ്ഥികൂടങ്ങളിലും മനുഷ്യരുടെ ആയുധങ്ങൾ കൊണ്ടുണ്ടായത് എന്നു തോന്നാവുന്ന മുറിപ്പാടുകൾ ഉണ്ടായിരുന്നതാണ് ഇവയെ മനുഷ്യർ കൊന്നു തീർത്തതാകാം എന്ന നിഗമനത്തിനു പിന്നിൽ. ഇവയുടെ കൊമ്പു കൊണ്ടുള്ള പല ആയുധങ്ങളും കണ്ടെടുത്തിട്ടുമുണ്ട്.

വാലുമുതൽ കൊമ്പിന്റെ അറ്റം വരെ മൂന്നര മീറ്ററൊക്കെ നീളമുള്ളവയായിരുന്നു വൂളി കണ്ടാമൃഗങ്ങൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →