അമൃതസര്‍: കഴിഞ്ഞ ദിവസം അമൃതസറിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. സംസ്ഥാന തലസ്ഥാനമായ അമൃതസര്‍, ബട്ടാല, തരന്താരണ്, ഗുര്‍ദാസ്പൂര്‍ എന്നിവിടങ്ങളിലാണ് നാടിനെ നടുക്കിയ മദ്യദുരന്തം സംഭവിച്ചത്. തരന്താരണിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. 30 പേര്. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്തര്‍സിംഗ് മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മ്മാണ ശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുവാന്‍ അഞ്ചംഗ സംഘത്തെ നിയമിക്കുകയും ചെയ്തു. വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട എട്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ബല്‍വീര്‍ കൗര്‍ എന്ന സ്ത്രീയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചാബില്‍ വിഷമദ്യദുരന്തം; മരണസംഖ്യ 49 ആയി
