കാസർകോഡ് : പെരിയ ദേശീയപാതയോരത്ത് പത്തേക്കര്‍ റവന്യൂ ഭൂമിയില്‍ ഹോള്‍സെയില്‍ പച്ചക്കറി മാര്‍ക്കറ്റ് യാര്‍ഡ് ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഹോള്‍സെയില്‍ പച്ചക്കറി മാര്‍ക്കറ്റ് യാര്‍ഡില്‍ മാസ – ആഴ്ച ദിവസ – കണക്കില്‍ പച്ചക്കറി ശേഖരണവും വില്‍പ്പനയും ഉണ്ടാവും.ആധുനിക രീതിയില്‍ ആണ് മാര്‍ക്കറ്റ് നിര്‍മ്മിക്കുക.ജില്ലയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പച്ചക്കറികള്‍ ശേഖരിച്ച് വിപണനം നടത്തുവാനും ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിച്ച് വിതരണം നടത്തുവാനും ഈ മാര്‍ക്കറ്റിലൂടെ സാധിക്കും.
ക്ഷീര സംഘങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പച്ചക്കറികളുടെ ശേഖരണവും വിപണനവും നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. രാവിലെയും വൈകുന്നേരവും മാത്രം പ്രവര്‍ത്തിക്കുന്ന 172 ഓളം ക്ഷീര സംഘങ്ങള്‍ ജില്ലയില്‍ ഉണ്ട്. ഈ സംഘങ്ങളെ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുളള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സുഭിക്ഷ കേരളം ജില്ലാ കണ്‍വീനര്‍ എം പി സുബ്രമണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ സുഭിക്ഷ കേരളം കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.