തിരുവനന്തപുരം: സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുമായി ബന്ധമുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുളള സാദ്ധ്യത ഏറെയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. ഉന്നത ബന്ധങ്ങളും സ്വാധീനവുമുളള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ച് സ്വര്‍ണ്ണകടത്ത് കേസ് അട്ടിമറിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ലെന്ന് മുല്ലപ്പളളി പറഞ്ഞു.ശിവ ശങ്കറിനെതിരെ തെളിവുകള്‍പുറത്തുവന്നാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവയൊന്നും മുഖവിലയ്ക്കെടുക്കാന്‍ തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് ഈ നാടകത്തിന്‍റെ ഭാഗമാണെന്നും സൗഹൃദം മുതലെടുത്ത് പ്രതികള്‍ തന്നെ ചതിക്കുകയായിരുന്നെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാദം തൊണ്ട തൊടാതെ വിഴുങ്ങാനാവില്ലെന്നും കളളക്കടത്ത് സംഘത്തിന് ഗൂഡാലോചന നടത്താനുളള താമസസൗകര്യം ഒരുക്കിക്കൊടുത്തത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നുളള വെളിപ്പെടുത്തല്‍ ഒരു തെളിവായി പോലും കാണാന്‍ എന്‍ഐഎ തയ്യാറാവുന്നില്ലന്നും മുല്ലപ്പളളി പറഞ്ഞു.
സംസ്ഥാന അതിര്‍ത്തികള്‍കടന്ന് സിപിഎം ഭരിക്കുന്ന കേരളത്തില്‍ നിന്ന് ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകത്തിലേക്ക് പോകാനുളള സൗകര്യം ഒരുക്കിയ ശക്തി കേന്ദ്രങ്ങളെക്കുറിച്ചും അന്വഷണം നീങ്ങുന്നില്ല . സിബിഐ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തോട് ഇരുസര്‍ക്കാരുകളും മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായിട്ടുപോലും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തുടക്കം മുതലേ വിമുഖത കാണിക്കുന്നെന്നും മുല്ലപ്പളളി ആരോപിച്ചു.
വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പടെ നിരവധി കുറ്റകൃത്യങ്ങളില്‍ കേസെടുക്കാമായിരുന്നിട്ടും പൊലീസ് അത് ചെയ്യുകയോ അല്ലെങ്കില്‍ അതിനുത്തരവാദിത്വപ്പെട്ടവര്‍ വേണ്ട നിര്‍ദ്ദേശം കൊടുക്കുകയോ ചെയ്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെല്ലാം മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തര വകുപ്പിന്‍റെയും കേരള പൊലീസിന്‍റെയും ആത്മാര്‍ത്ഥത ഇല്ലായ്മയാണ് കാണിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.