തൃശ്ശൂർ: ഫിഷറീസ് വകുപ്പിന്റെ മത്സ്യവിത്ത് നിക്ഷേപണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. അഞ്ച് കോടി രൂപ ചെലവിൽ 14 ജില്ലകളിലായി 56 ശുദ്ധജലാശയങ്ങളിലും നദീതീര കടവുകളിലും 44 ഓരുജലാശയ, കായൽതീര കടവുകളിലും അഞ്ച് ജില്ലകളിലെ 16 റിസർവോയറുകളിലുമായി 430 ലക്ഷം മത്സ്യ, ചെമ്മീൻ, ആറ്റുകൊഞ്ച് വിത്തുകളാണ് പദ്ധതിപ്രകാരം നിക്ഷേപിക്കുന്നത്.
ഇതിന്റെ ഭാഗമായി പീച്ചി റിസർവോയറിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്ന പദ്ധതി ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും ചേർന്ന് റിസർവോയറിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജെന്നി ജോസഫ് മുഖ്യാതിഥിയായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത വാസു, ജില്ലാ പഞ്ചായത്തംഗം ലില്ലി ഫ്രാൻസിസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ഷീല അലക്സ്, പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ ഫൗസിയ മൊയ്തീൻ, കെ.പി. എൽദോസ്, ഫിഷറീസ് അസി. എക്സ്റ്റെൻഷൻ ഓഫീസർ ജോയ്സി ജേക്കബ്, ഹാച്ചറി മാനേജർ സി.കെ. മനോജ് എന്നിവർ സംസാരിച്ചു.