വിദ്യാഭ്യാസം തൊഴിൽ നൈപുണിയിലേക്ക്; തൃശ്ശൂർ ജില്ലയിലെ എല്ലാ വിഎച്ച്എസ്ഇ സ്‌കൂളുകളിലും ഇനി എൻഎസ്‌ക്യുഎഫ് പാഠ്യപദ്ധതി

തൃശ്ശൂർ : നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ എസ്‌ക്യൂ എഫ്) പാഠ്യപദ്ധതി ജില്ലയിലെ മുഴുവൻ വിഎച്ച്എസ്ഇ സ്‌കൂളുകളിലും നടപ്പിലാക്കുന്നു. ഹയർ സെക്കൻഡറി തലത്തിൽ അക്കാദമിക് വിഷയങ്ങൾക്കൊപ്പം തൊഴിൽ നൈപുണ്യവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി പ്രാവർത്തികമാക്കിയത്. ഇത് പ്രകാരം ഈ അദ്ധ്യയന വർഷം മുതൽ വി എച്ച് എസ് ഇ സ്‌കൂളുകളിൽ നടത്തുന്ന വൊക്കേഷണൽ കോഴ്‌സുകൾ എൻ എസ് ക്യു എഫ് അധിഷ്ഠിത പാഠ്യപദ്ധതിക്കനുസൃതമായ കോഴ്‌സുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയിൽ 36 വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിലും ഈ അദ്ധ്യയന വർഷം മുതൽ എൻ എസ് ക്യു എഫ് പദ്ധതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതിൽ 11 സ്‌കൂളുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. കേന്ദ്ര സ്‌കിൽഡ് ഡെവലപ്മെൻറ് മന്ത്രാലയത്തിനു കീഴിലുള്ള സ്‌കിൽഡ് ഡെവലപ്മെൻറ് കോർപ്പറേഷനാണ് കോഴ്‌സുകൾക്ക് രൂപം നൽകിയിരിക്കുന്നത്. ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും ഈ കോഴ്‌സുകൾ സഹായിക്കുന്നു. മാത്രമല്ല, ഗ്രൂപ്പ് ബി വിഭാഗത്തിൽ വൊക്കേഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ ഓപ്ഷണൽ വിഷയങ്ങളോടൊപ്പം താല്പര്യമുണ്ടെങ്കിൽ ഗണിതം ഒരു അധിക വിഷയമായി എടുത്ത് പഠിക്കാനും സാധിക്കും. ഇതനുസരിച്ച് മെഡിക്കൽ പ്രവേശനപരീക്ഷയോടൊപ്പം എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയും എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത. ഇതിനായി വിദ്യാർഥികൾ കേരള സ്റ്റേറ്റ് ഓപ്പൺ ഓപ്പൺ സ്‌കൂളിൽ രജിസ്റ്റർ ചെയ്യേണ്ടതും അവിടെ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി സമ്പർക്ക ക്ലാസുകളിൽ പങ്കെടുത്ത് മൂല്യനിർണയ സ്‌കോറുകൾ നേടുകയും വേണം.

കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 ന്റെ സാഹചര്യത്തിൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ആഗസ്റ്റ് 14 വരെ വിദ്യാർഥികൾക്ക് വി എച്ച് എസ് ഇ അഡ്മിഷൻ സൈറ്റായ www.vhscap.kerala.gov.in ലെ ‘അപ്ലൈ ഓൺലൈൻ’ എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് സ്വന്തമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിദ്യാർത്ഥികളൈ സഹായിക്കാനായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും സ്‌കൂളുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. കോഴ്‌സുകളുടെ വിശദവിവരങ്ങളും ഏതൊക്കെ സ്‌കൂളുകളിൽ ഏതൊക്കെ വിഷയങ്ങൾ ലഭ്യമാണെന്നും കോഴ്‌സ് കോഡുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

അക്കാദമിക് വിഷയങ്ങൾക്കൊപ്പം ഒരു വർഷം 300 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് കഴിയുമ്പോൾ ഉപരിപഠനവും തൊഴിൽ മേഖലയിൽ പോകേണ്ടവർക്ക് അതിനുള്ള സാഹചര്യവും കൂടാതെ തൊഴിൽ പഠനം ഐഛിക വിഷയമായി എടുക്കുന്നവർക്ക് യു ജി സി. കോളേജ് തലത്തിൽ നടത്തുന്ന ബി വോക്ക്, എം വോക്ക് കോഴ്‌സുകൾ, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. ഫോൺ-9497304240, 9539838080, 9446721601.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →