പട്ന : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് പരാതി നല്കി. സുശാന്തിന്റെ മരണത്തില്‍ പ്രേരണാക്കുറ്റം ആരോപിച്ചാണ് പിതാവ് കെ.കെ സിംഗ് പാട്ന സെന്‍ട്രല്‍ സോണ്‍ ഐ.ജി സഞ്ജയ് സിംഗിന് പരാതി നല്‍കിയത്. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തു. സുശാന്തിനെ റിയ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. എഫ്ഐആറില്‍ റിയയുടെ മാതാപിതാക്കള്‍ക്കുള്‍പ്പെടെ ആറ് പേരുടെ പേരും ചേര്‍ത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സുശാന്തിന്റെ കൂടെ റിയ താമസിച്ചിരുന്നതെന്നും സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദേശയാത്രകള്‍ ചെയ്തിരുന്നുവെന്നും പറയുന്നു. ക്രെഡിറ്റ് കാർഡും ബാങ്ക് അക്കൌണ്ടുകളും റിയ ദുരുപയോഗപ്പെടുത്തിയിരുന്നുവെന്നും സുശാന്തിന്റെ പിതാവ് പറയുന്നുണ്ട്. സുശാന്ത് വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന കാര്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്.
സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്. റിയ സുശാന്തിന് ഓവര്‍ ഡോസ് മരുന്ന് നല്കി. ഈ സമയത്ത് ചികില്‍സയെ കുറിച്ച് ചോദിച്ചവരോട് ഡെങ്കി പനിക്കുള്ള മരുന്നാണെന്നാണ് റിയ പറഞ്ഞതെന്നും പരാതിയിലുണ്ട്. റിയ പണമായും അല്ലാതെയും സുശാന്തിനെ പറ്റിച്ചതായും പറയുന്നുണ്ട്.
കെ.കെ സിംഗിന്റെ പരാതിയില്‍ നാലംഗ പോലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചതായി ഐ.ജി സഞ്ജയ് സിംഗ് അറിയിച്ചു. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ കേസ് ഡയറിയും മറ്റ് പ്രധാനപ്പെട്ട രേഖകളും മുംബൈ പോലീസില്‍ നിന്ന് ശേഖരിക്കുമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ കുടിപ്പകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് റിയ ചക്രബര്‍ത്തി അടക്കം ബോളിവുഡിലെ 38 പ്രമുഖരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
പട്നയില്‍ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രബർത്തി സുപ്രീംകോടതിയെ സമീപിച്ചു.

