ഇടുക്കി : ദേവികുളം താലൂക്കിലെ വിവിധ ആദിവാസി കുടികളിലെ 300 ഓളം കുട്ടികള്‍ക്ക് പാഠ പുസ്തകമെത്തിച്ച് നല്കി അടിമാലി ജനമൈത്രി എക്സൈസ്. കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായകരമാകുന്നതിനു വേണ്ടി ട്രൈബല്‍ വകുപ്പുമായി സഹകരിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയത്.
മീന്‍കുത്തിക്കുടി (ഇടമലക്കുടി) കുറത്തിക്കുടി, മറയൂര്‍, കാന്തല്ലൂര്‍, ചിന്നാര്‍, വട്ടവട, ചിന്നക്കനാല്‍, മാങ്കുളം, ആനക്കുളം അടിമാലി തുടങ്ങിയ പ്രദേശങ്ങളിലെ കുടികളിലെ കുട്ടികള്‍ക്ക് പാലക്കാട്, കോട്ടയം, ഏറ്റുമാനൂര്‍, തൊടുപുഴ, കോതമംഗലം, പൈനാവ് തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്റ്റലുകളില്‍ നിന്നും, സ്കൂളുകളില്‍ നിന്നും, പുസ്തകങ്ങള്‍ ശേഖരിച്ചാണ് വിതരണം നടത്തിയത്.
വിവിധ വകുപ്പുകളുടെയും, സന്നദ്ധ സേവകരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി യും അനുബന്ധ സാമഗ്രികളും മിക്ക കുടികളിലും ലഭ്യമാക്കിയിട്ടുണ്ടണ്്. നിലവില്‍ പുറത്തു നിന്നുള്ള അധ്യാപകരുടെ സേവനം ലഭിക്കാത്തതിനാല്‍ അതത് കുടികളില്‍ നിന്നു തന്നെയുള്ള വിദ്യാസമ്പന്നരുടെ സഹായത്തോടെയുള്ള ക്ലാസുകളും അത്യാവശ്യമാണ്. അങ്ങനെ കുടികളില്‍ തന്നെ ക്ലാസുകള്‍ നല്‍കുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് ജനമൈത്രി എക്സൈസിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുസ്തക വിതരണം നടത്തിയത്. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഭാഗമായി യാത്രാ സൗകര്യങ്ങളും മറ്റും അപര്യാപ്തമായ കുടികള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ നിലവാരം ജനമൈത്രി എക്സൈസ് നേരത്തെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ട്രൈബല്‍ വകുപ്പുമായി സഹകരിച്ച് പുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം നടത്തുകയായിരുന്നു.
ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ അഷറഫ് കെ.എം, സജീവ്. ആര്. സി.ഇ.ഒ മാരായ നെല്‍സണ്‍ മാത്യു, ജീമോന്‍ കെ.ബി, അനൂപ് പി.ബി, വനിത സി.ഇ.ഒ സിമി ഗോപി ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവര്‍ ചേര്‍ന്നാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6457/-Janamaithri-Excise-delivers-textbooks-to-tribal-people.html