മൂന്നാര്‍: ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച റിപോർട്ടിനോടൊപ്പം കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തത്.
2018 – 19 വർഷത്തിൽ ദേവികുളത്ത് സർക്കാർ ഭൂമി വ്യാപകമായി കയ്യേറിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇതിലേറെയും. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുന്നതിനായിരുന്നു ഉടമസ്ഥാവകാശ രേഖ നൽകിയത്. ഇത്തരത്തിൽ 110 സർട്ടിഫിക്കറ്റുകളാണ് വ്യാജമായി നൽകിയത്.
ഇതേ കാലഘട്ടത്തിൽ ദേവികുളം ഡെപ്യൂട്ടി തഹസീൽ ദാറായിരുന്ന ടി.സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരായിരുന്നു വ്യാജ രേഖ ചമച്ച് അനധികൃതമായി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയത്. ഇല്ലാത്ത അധികാരംഉപയോഗിച്ച് ഡെപ്യൂട്ടി തഹസീൽദാർ അനുവദിച്ച രേഖകൾ പരിശോധിക്കാതിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.
ദേവികുളം ന്യൂ കോളനി, കുണ്ടള എന്നിവിടങ്ങളിലെ പുറമ്പോക്ക് ഭൂമിയും. സർക്കാർ ക്വാർട്ടേഴ്സ് ഉൾപ്പെടുന്ന ഭൂമിക്ക് വരെ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയതായി അന്വേഷണ സംഘം കണ്ടെത്തി. മിക്കതിലും കെട്ടിട നിർമ്മാണവും നടന്നു വരികയാണ്. സെന്റിന് ലക്ഷങ്ങൾ വില വരുന്ന സർക്കാർ ഭൂമിയാണ് ഇത്തരത്തിൽ കോഴ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർ വ്യാജ രേഖ ചമച്ച് നൽകിയത്.
റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം കളക്ടർ റവന്യൂ വകുപ്പ് സെക്രട്ടറിക്ക് കൈമാറും. ഇതിന് ശേഷം വകുപ്പ് തല നടപടിയും മറ്റ് നിയമ നടപടികളും ഉണ്ടാകും.
ജില്ലയിലെ മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട് വരുന്ന തന്ത്ര പ്രധാന മേഖലകളായ വാഗമൺ അടക്കമുള്ള പ്രദേശത്തും ഇത്തര ത്തിൽ റവന്യൂ ഉദ്യോഗസ്ഥർ വൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇവിടേക്കും അന്വേഷണം ഉണ്ടാകേണ്ടതാണ്. ഇത്തരത്തിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സർവ്വീസിൽ നിന്നും പൂർണമായും നീക്കം ചെയ്യുന്നതടക്കമുള്ള കർശന നടപടികളാണ് ആവശ്യം. ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാവുന്ന ഇത്തരം കുറ്റ കൃത്യങ്ങൾ കുറയ്ക്കുവാനും ഇത് വഴിയൊരുക്കും.