ബെയ്ജിങ്: ചൈനയിലെ ചെങ്ക്ടുവില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലെ പതാക പാതി താഴ്ത്തികെട്ടി. കോണ്‍സുലേറ്റ് വിടാനുള്ള നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് പതാക താഴ്ത്തല്‍ നടപടി ഉണ്ടായത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 6.18നാണ് അമേരിക്കന്‍ പതാക താഴ്ത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനീസ് ചാനല്‍ സിജിടിഎന്‍ പുറത്തുവിട്ടു.
ഹൂസ്റ്റണിലുള്ള ചൈനയുടെ കോണ്‍സുലേറ്റ് അടച്ചുപൂട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിനുപകരമാണ് ചൈനയില്‍നിന്ന് ഈ നടപടി ഉണ്ടായിരിക്കുന്നത്. കോണ്‍സുലേറ്റിലേക്കുള്ള ഗതാഗതം രണ്ട് ദിവസംമുമ്പ് നിരോധിച്ച് റോഡ് അടച്ചിരിക്കുകയാണ്. കോണ്‍സുലര്‍ക്കും പൊലീസുകാര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. രാവിലെ 10 മണിവരെയാണ് കോണ്‍സുലേറ്റ് വിടാനുള്ള സമയം ചൈന നല്‍കിയിട്ടുള്ളത്.
കോണ്‍സുലേറ്റ് വിടാനുള്ള സമയം ഔദ്യോഗികമായി അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരോട് ചൈനയില്‍നിന്ന് പുറത്തുപോകേണ്ട അവസാന സമയം ഇതേവരെ പറഞ്ഞിട്ടില്ല. കൊറോണ വൈറസ് വൂഹാനിലെ ലാബില്‍നിന്ന് പുറത്തുചാടി മഹാമാരി ആയെന്ന ആരോപണം, ഹോങ്കോങ്ങിലെ ചൈനയുടെ അവകാശവാദം, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ സായുധ സന്നാഹങ്ങള്‍ തുടങ്ങി പല വിഷയങ്ങളിലും അമേരിക്കയും ചൈനയും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ ശീതയുദ്ധം ഏറിയേറി ഇരുരാജ്യങ്ങളും തമ്മില്‍ കോണ്‍സുലേറ്റുകളുടെ അടച്ചുപൂട്ടല്‍ വരെ എത്തിനില്‍ക്കുന്നു.