പാലക്കാട്: പാലക്കാട് കീം പരീക്ഷയില്‍ ഇന്‍വിജിലേറ്ററായിരുന്ന ടീച്ചര്‍ക്ക് കോവിഡ്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളടക്കം 40 പേരെ ക്വാറന്റൈനിലാക്കി.
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജൂലായ് 24) ജില്ലയില്‍ ഒരു കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 93 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 31263 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 29247 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 347 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 165 സാമ്പിളുകൾ അയച്ചു. 1347 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1014 പേർ രോഗമുക്തി നേടി. ഇനി 2016 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 81117 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 658 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10503 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളും അടിയന്തിരമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, അഡീഷണല്‍ നഴ്‌സ്, തുടങ്ങി എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കണമെന്നും ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചികിത്സാ സൗകര്യം അതത് പഞ്ചായത്തുകള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

