ന്യൂഡല്‍ഹി: ജൂലൈ 22ന് സോനു പുഞ്ചബനെന്ന ഗീത അറോറയ്ക്ക് 24 വര്‍ഷത്തെ ജയില്‍വാസം കോടതി ശിക്ഷിച്ചപ്പോള്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച സെക്‌സ് റാക്കറ്റിലെ പ്രധാനിയാണ് അഴികള്‍ക്കുള്ളിലായത്. സോനുവിനൊപ്പം കൂട്ടാളി സന്ദീപ് ബേദ്വാളിനെയും കോടതി ശിക്ഷിച്ചു. 20 വര്‍ഷമാണ് സന്ദീപിന്റെ തടവുശിക്ഷ. സോനു അഗര്‍വാള്‍ നേതൃത്വം നല്‍കിയ സെക്സ് റാക്കറ്റ് ഡല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഈ റാക്കറ്റിന്റെ ഇരകളായിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ഡല്‍ഹിയിലെത്തിച്ച് മയക്കുമരുന്നിന് അടിമയാക്കി ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുക എന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനരീതി.
കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയിലെ സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു സോനു പുഞ്ചബനും അവരുടെ കൂട്ടാളികളും. ഒരു തവണ ഇവരുടെ കൈയിലടകപ്പെട്ടാല്‍ പിന്നീട് രക്ഷപ്പെടല്‍ അസാധ്യം. ഈ ഒരു ഭയത്തിന്റെ നിഴലിലായിരുന്നു ഡല്‍ഹിയിലെ പെണ്‍കുട്ടികളും വീട്ടമ്മമാരും പ്രൊഫഷണല്‍സും കഴിഞ്ഞുവന്നത്. വന്‍കിട വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, സിനിമാ നിര്‍മാതാക്കള്‍ തുടങ്ങി ആര്‍ക്കും എത്തിപിടിക്കാന്‍ സാധിക്കാത്ത ഉന്നതരായിരുന്നു സോനുവിന്റെ ക്ലയന്റുകള്‍. ഇതുമൂലം 20 വര്‍ഷത്തോളം സോനു ഒരു പോറല്‍ പോലുമേല്‍ക്കാതെ വടക്കേ ഇന്ത്യയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിപ്പിച്ച് കിരീടം വയ്ക്കാത്ത റാണിയായി വിലസി. കേസില്‍ തിഹാര്‍ ജയിലില്‍ കിടക്കവേ ആത്മഹത്യക്ക് ഇവര്‍ ശ്രമിച്ചിരുന്നു. കൈയോടെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മരണം സംഭവിച്ചില്ല.
ഇന്ത്യയിലെമ്പാടും വലവിരിച്ചു പരന്നുകിടന്ന വന്‍ സെക്സ് റാക്കറ്റിന്റെ നേതാവായിരുന്നു സോനു പുഞ്ചബന്‍. ദക്ഷിണ ഡല്‍ഹിയായിരുന്നു റാക്കറ്റിന്റെ പ്രവര്‍ത്തന കേന്ദ്രം. മോഡലാകാനും നടിയാകാനും ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെയും കോളേജ് വിദ്യാര്‍ഥിനികളെയും വീട്ടമ്മമാരെയും വലവീശിപ്പിടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി സമൂഹത്തിലെ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു സോനു പുഞ്ചബന്റെ സംഘം. അനുസരിക്കാന്‍ കൂട്ടാക്കാത്തവരുടെ മാറിടത്തിലും വായിലും മുളകരച്ചുതേച്ചും ഗുണ്ടകളെക്കൊണ്ട് കഠിമായി ഉപദ്രവിപ്പിച്ചും കീഴടക്കും. എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ മയക്കുമരുന്നും നല്‍കും.
ഡല്‍ഹിക്കു പുറമെ കൊല്‍ക്കത്ത, പഞ്ചാബ്, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളെ സോനുവിന്റെ റാക്കറ്റ് എത്തിച്ചു നല്‍കുമായിരുന്നു. ടെലിവിഷന്‍ താരങ്ങള്‍, എയര്‍ ഹോസ്റ്റസുമാര്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ക്ക് 5000 മുതല്‍ 20,000 രൂപ വരെയാണ് സോനു ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഫാം ഹൗസുകള്‍ എന്നിവിടങ്ങളിലേക്കാണ് സോനു പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത്. സെക്സ് റാക്കറ്റ് ഇടപാടിലൂടെ 100 കോടി രൂപയ്ക്കു മുകളിലായിരുന്നു അറസ്റ്റിലാവുമ്പോള്‍ സോനുവിന്റെ സമ്പാദ്യം.
സോനു പുഞ്ചബന്‍ പലതവണ പൊലീസ് പിടിയിലായിട്ടുണ്ട്. 2007ലാണ് സോനു ആദ്യമായി അറസ്റ്റിലായത്. വൈകാതെ ജാമ്യം ലഭിച്ചെങ്കിലും 2008ല്‍ സോനു വീണ്ടും അറസ്റ്റിലായി. വീണ്ടും പുറത്തിറങ്ങിയ സോനുവിനെ ഏപ്രില്‍ 2011ല്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റിലാവുമ്പോഴും വിദഗ്ധരായ അഭിഭാഷകരെവച്ച് കേസ് നടത്തി ഉടന്‍ പുറത്തിറങ്ങാനുള്ള സാമര്‍ഥ്യം ഇവര്‍ക്കുണ്ടായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഫുക്രിയിലും പിന്നീട് ഇറങ്ങിയ ഫുക്രി റിട്ടേണ്‍സ് എന്ന സിനിമയിലും റിച്ച ഛാദ അവതരിപ്പിച്ച കഥാപാത്രം സോനുവിന്റെ ജീവിതത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയ കഥാപാത്രമായിരുന്നു.
2009ലാണ് സോനുവിനെക്കുറിച്ച് പേര് പുറംലോകം അറിയുന്നത്. 2019 സെപ്തംബറില്‍ സോനു പുഞ്ചബന്റെ നിര്‍ദേശപ്രകാരം സോനുവിന്റെ വലംകൈ സന്ദീപ് ബേദ്വാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് സെക്സ് റാക്കറ്റില്‍ എത്തിച്ചു. കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പലര്‍ക്കും കാഴ്ചവച്ചു. പലയാവര്‍ത്തി പലര്‍ക്കും വിറ്റു. ഒരുപാട് വര്‍ഷത്തോളം സെക്സ് റാക്കറ്റിന്റെ കൊടിയ പീഡനത്തിനും ക്രൂരതകള്‍ക്കും ഇരയായ കുട്ടി ഒരുദിവസം ഇവരുടെ കണ്ണുവെട്ടിച്ച് സെക്സ് റാക്കറ്റ് കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ അഭയം പ്രാപിച്ചു.
ഈ സംഭവത്തോടെയാണ് ഡല്‍ഹിയിലെ അധോലോകത്ത് അരങ്ങേറുന്ന സെക്സ് റാക്കറ്റിനെക്കുറിച്ചും റാക്കറ്റിന്റെ നേതാവായ സോനു പുഞ്ചബന്‍ എന്ന സ്ത്രീയെക്കുറിച്ചും പുറംലോകം അറിയുന്നത്. 2017ല്‍ സോനുവിനെതിരായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ കേസ് ഡിസിപി ഭിഷം സിംഗ് ഏറ്റെടുത്തു. ആദ്യം കുട്ടി കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഭയമായിരുന്നു കാരണം. സോനുവിനെ തളയ്ക്കാന്‍ കുട്ടിയുടെ പരാതി നിര്‍ണായകമാണെന്ന് മനസിലായ ഭിഷം സിംഗ് കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കുകയും കേസിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കുകയും ചെയ്തു.
തുടര്‍ന്ന് കേസിലുണ്ടായ വഴിത്തിരിവാണ് 2017ല്‍ സോനു പുഞ്ചബന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്. കസ്റ്റമര്‍ എന്ന വ്യാജേന സോനുവിനെ സമീപിച്ച പൊലീസുകാര്‍ മഹ്രോളിയില്‍വച്ച് സോനുവിനെയും നാല് കൂട്ടാളികളെയും പിടികൂടി. ഒരേ കുറ്റകൃത്യത്തിന് പലതവണ അറസ്റ്റിലായിരുന്നതുകൊണ്ട് പൊലീസ് മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം എന്ന വകുപ്പുകൂടി ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.