ക്ഷേത്രത്തിന് പിന്നാലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖുക്കാര്‍ക്ക് തിരികെ നല്‍കി പാക് ഭരണകൂടം

ബലൂചിസ്താന്‍: പാകിസ്താനില്‍ 72 വര്‍ഷമായി സര്‍ക്കാര്‍ അധീനതയില്‍ ആയിരുന്ന 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് പിന്നാലെ, ബലൂചിസ്താനിലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖ് വിഭാഗത്തിന് തിരികെ നല്‍കി പാകിസ്താന്‍ പ്രവിശ്യാ ഭരണകൂടം. സര്‍ക്കാര്‍ സ്‌കൂളായി ഉപയോഗിച്ചിരുന്ന ഗുരുദ്വാരയാണ് സിഖ് സമൂഹത്തിന് തിരികെ നല്‍കിയിരിക്കുന്നത്. ഔദ്യോഗിക രേഖകളിലൂടെയാണ് ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ മസ്ജിദ് റോഡിലുള്ള സിരി ഗുരു സിംഗ് ഗുരുദ്വാര തിരികെ നല്‍കിയിരിക്കുന്നത്. 30 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്‌കൂളായി ഉപയോഗിച്ചിരുന്ന ക്ഷേത്രമാണ് സോബിലെ ഹിന്ദു സമൂഹത്തിന് ഈ വര്‍ഷം ആദ്യം വിട്ടുകൊടുത്തിരുന്നത്.

ഗുരുദ്വാര കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ കെട്ടിടമാണ് പുനരുദ്ധരിച്ച ശേഷം
സിഖ് വിഭാഗത്തിലുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതപരമായ ചടങ്ങുകള്‍ നടത്താനുമായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 14000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ക്വറ്റയിലെ സുപ്രധാന ഇടത്തുള്ള ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഗുരുദ്വാര പുനരുദ്ധരിച്ച് തിരികെ നല്‍കിയത് സര്‍ക്കാരിന്റെ സമ്മാനമായി കാണുന്നുവെന്ന് ബലൂചിസ്ഥാനിലെ സിഖ് സമുദായ കമ്മിറ്റി ചെയര്‍മാന്‍ സര്‍ദാര്‍ ജസ്ബീര്‍ സിംഗ് പറഞ്ഞു.

നിലവിലെ വിപണി വില അനുസരിച്ച് വന്‍വില വരുന്ന സ്ഥലവും കെട്ടിടവും സിഖ് സമുദായത്തിന് തിരികെ നല്‍കാന്‍ അടുത്തിടെയാണ് പ്രവിശ്യാ ഭരണകൂടം തീരുമാനമെടുത്തത്. ബലൂചിസ്ഥാനിലെ വിവിധ ഇടങ്ങളിലായി താമസിക്കുന്ന 2000 സിഖ് കുടുംബങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുരുദ്വാരയെന്നും സര്‍ദാര്‍ ജസ്ബീര്‍ വ്യക്തമാക്കി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →