തൃശൂര്‍ : അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ എത്തുന്നവര്‍ക്ക് ഇനി കടല്‍ മാത്രമല്ല, കാടും കാണാം. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും ചേര്‍ന്ന ‘മിയോവാക്കി കാടുകള്‍’ വളര്‍ന്ന് തുടങ്ങി. ബീച്ചിലെ കായലിനോടും കടലിനോടും ചേര്‍ന്ന 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, ഞാവല്‍, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളില്‍പ്പെട്ട 3215 വൃക്ഷത്തൈകളാണ് നട്ടത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് കുരുവികളുടേയും ചിത്രശഭങ്ങളുടേയും ആവാസസ്ഥലമായി ഈ കാട് മാറി. ജില്ലയിലെ തന്നെ അപൂര്‍വ്വകാഴ്ചയായി മാറിയിരിക്കുകയാണ് മിയോവാക്കി കാട്.
2020 മെയ് 15നാണ് മുസിരിസ് പൈതൃക പദ്ധതിയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇ ടി ടൈസണ്‍ മാസ്റ്റര്‍, മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ജാപ്പനീസ് സസ്യശാസ്ത്രഞ്ജന്‍ അകിരോ മിയോവാക്കിയുടെ വനവല്‍ക്കരണരീതി അനുസരിച്ച് സസ്യങ്ങള്‍ നട്ടത്. ഇതിനായി പ്രത്യേകസ്ഥലം തിരഞ്ഞെടുത്ത് രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ ജൈവ വസ്തുക്കള്‍ ആവശ്യാനുസരണം മണ്ണില്‍ ചേര്‍ത്ത് മണ്ണിനെ ഫലഭൂയിഷ്ടമാക്കിയാണ് പഴവര്‍ഗ്ഗങ്ങളില്‍പ്പെട്ട സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചത്. അതു കൊണ്ട് തന്നെ പ്രകൃതിയുടെ സ്വഭാവികമായ കീടനിയന്ത്രണ രീതിയാണ് നടപ്പിലാക്കുന്നത്. ചതുരശ്രമീറ്ററില്‍ ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റി അതില്‍ കല്‍പ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ് വളം നിറച്ച് നടുവില്‍ ഒരു വൃക്ഷത്തൈയും അതിന് ചുറ്റും നാല് വൃക്ഷത്തൈകള്‍ വീതവുമാണ് നട്ടത്. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കാട് കാണാനായി നടപ്പാതയുമുണ്ട്. മൂന്നരലക്ഷം രൂപയാണ് പദ്ധതിയ്ക്ക് അനുവദിച്ചത്. മൂന്നുവര്‍ഷം കൃത്യമായി പരിപാലിക്കാന്‍ പ്രത്യേകം ഒരാള്‍ക്ക് ചുമതലയുണ്ട്. സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പത്തിടങ്ങളിലാണ് ഇത്തരം സ്വാഭാവിക വനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.