പിതാവിന്റെ കണ്‍മുമ്പില്‍ ആണ്‍മക്കള്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു

പീരുമേട്: വാക്കുതര്‍ക്കം കൈയാങ്കളിയായി മാറുകയും പിതാവിന്റെ കണ്‍മുന്നില്‍ മക്കള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ഒരാള്‍ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലില്‍ മുളങ്ങാശ്ശേരിയില്‍ തോമസിന്റെ മകന്‍ ജിനു(22)വാണ് മരിച്ചത്. സഹോദരന്‍ സിബിച്ചനെ (22) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പള്ളില്‍ മനീഷ് (40), കള്ളിക്കല്‍ അനീഷ് (32), എബിന്‍ (28) എന്നിവര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

ശനിയാഴ്ച രാത്രി 12നാണ് സംഭവം. ബൈക്കിലെത്തിയ സിബിച്ചനും ഓട്ടോറിക്ഷയില്‍ വന്ന മനീഷും തമ്മില്‍ രാത്രി പത്തോടെ വാക്കുതര്‍ക്കം ഉണ്ടായി. ഇരുവരും പിരിഞ്ഞുപോയെങ്കിലും രാത്രി 12 മണിയോടെ സിബിച്ചന്റെ വീടിനു സമീപം ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ആ സമയത്ത് മനീഷിനൊപ്പം കള്ളിക്കല്‍ അനീഷ്(32), എബിന്‍(28) എന്നിവരും ഉണ്ടായിരുന്നു.

ബഹളംകേട്ട് സിബിച്ചന്റെ സഹോദരന്‍ ജിനുവും പിതാവ് തോമസും ഇറങ്ങിച്ചെന്നു. ഇതിനിടെ ജിനുവിനും സിബിച്ചനും കുത്തേറ്റു. ജിനു സംഭവസസ്ഥത്തുതന്നെ മരിച്ചു. വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളെ പീരുമേട് പൊലീസിന് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →