കൊച്ചി: കാറ്റ് തിരിഞ്ഞു വീശുകയാണ്. എല്ലാം വിരൽത്തുമ്പിൽ നിയന്ത്രിച്ചിരുന്ന കാലം കടന്നു പോയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉദ്യോഗസ്ഥ പ്രമാണി എന്തിനും തയ്യാറായി കൂടെ. അങ്ങനെ പലരും പലരും. പോലീസിനെ വരച്ചെടുത്ത നിർത്തിയ കാലമൊക്കെ പോയിരിക്കുന്നു. ഇപ്പോൾ രാജ്യദ്രോഹക്കുറ്റത്തിന് ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യംചെയ്യൽ നേരിടുന്ന കുറ്റവാളി മാത്രമാണ്. യാഥാർത്ഥ്യം അതാണ്. അത് അറിഞ്ഞ് അംഗീകരിച്ചത് കൊണ്ടാണോ എന്നറിയില്ല. ആകെ തകർന്ന ഒരാളെപ്പോലെയാണ് കസ്റ്റഡിയിൽ സ്വപ്ന സുരേഷ് കാണപ്പെട്ടത്. ബാംഗ്ലൂരിൽ പിടിയിലാകുന്ന നേരം മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ശേഷം മകളെയും ഭർത്താവിനെയും കാണുന്ന സമയത്തു വരെയും നിസ്സഹായത കാണാൻ ഉണ്ടായിരുന്നു. ഒരു ശബ്ദ സന്ദേശം പുറത്തു വിട്ടു കൊണ്ട് അതിസമർത്ഥമായി മാധ്യമങ്ങളെ കയ്യിലെടുക്കാൻ ശ്രമം നടത്തിയ ആളാണ് സ്വപ്ന സുരേഷ്. മാധ്യമ വിചാരണയെ കുറച്ചും ആത്മഹത്യയെക്കുറിച്ചും സൂചിപ്പിച്ച, മാധ്യമ പിന്തുണ നേടാൻ ശബ്ദ സന്ദേശം എല്ലാവർക്കും നൽകിയ കൗശലം തന്നെയാകാം ഒരുപക്ഷേ എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ, നിസ്സഹായയെ പോലെയുള്ള ഈ പ്രകടനം.
കസ്റ്റംസിന്റെ കസ്റ്റഡിയിൽ വെച്ച് സരിത് സ്വപ്ന സുരേഷിനെ തള്ളിപ്പറഞ്ഞാണ് മൊഴി കൊടുത്തിരിക്കുന്നത്. കോൺസുലേറ്റിന് പേരിൽ വന്ന പാഴ്സൽ തന്റെതല്ല, അത് കോൺസുൽ ജനറലിനോട് ചോദിക്കണം എന്ന് പറഞ്ഞു രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീട് സ്വപ്ന സുരേഷിനെ തള്ളിപ്പറഞ്ഞു. താനൊരു കാരിയർ മാത്രമാണ്, എല്ലാം ചെയ്യുന്നത് സ്വപ്ന സുരേഷാണ് എന്നായി മൊഴി.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. പുറത്ത് എത്ര കൗശലക്കാരി ആയിരുന്നു എങ്കിൽ പോലും എൻഐഎയുടെ അന്വേഷണ തന്ത്രങ്ങൾക്ക് മുമ്പിൽ കീഴടങ്ങുകയും നടന്ന കാര്യങ്ങൾ തുറന്നു പറയുകയും മാത്രമാണ് സ്വപ്ന സുരേഷ് മുമ്പിലുള്ള വഴി. സ്വർണക്കടത്തിന് അപ്പുറം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ബന്ധങ്ങളിലേക്ക് എൻ ഐ എ എത്തിച്ചേരുന്നതോടുകൂടി രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങളെപ്പറ്റി തുറന്നു പറയുവാൻ സ്വപ്ന സുരേഷ് തയ്യാറാക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കരനുമായുള്ള ബന്ധവും ശിവശങ്കരന്റെ ബന്ധങ്ങളെപ്പറ്റിയും തുറന്നുപറച്ചിൽ അനിവാര്യമാണ്.
ശിവശങ്കരൻ പ്രതി പട്ടികയിലേക്ക് വന്നുകഴിഞ്ഞു. സരിത്തിന്റേയും സന്ദീപ് നായരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ നിന്നും ശിവശങ്കരനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.
സ്പ്രിംഗ്ലർ ഇടപാടിൽ ലഭിച്ച രാഷ്ട്രീയ സംരക്ഷണം ശിവശങ്കരന് ലഭിക്കുകയില്ല. ശിവശങ്കരനെ സംരക്ഷിക്കാതെ തന്നെ സർക്കാർ പ്രതിക്കൂട്ടിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തിന്‍റേയും ബിജെപിയുടെയും ആക്രമണങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി സിപിഎമ്മിന് രാഷ്ട്രീയമായി ഉണ്ട്. ടെലിവിഷൻ സംവാദങ്ങളിൽ ഉത്തരമില്ലാതെ വിഷയം മാറ്റി ചർച്ച ചെയ്തു കൊണ്ടുപോകുന്ന ദൃശ്യം ആണ് കാണുന്നത്. മുന്നണിയിലെ തന്നെ പാർട്ടികളിൽ നിന്നും ഭിന്നാഭിപ്രായമുണ്ട്. സിപിഐ-യുടെ ശക്തമായ എതിർപ്പുമായി നേരത്തെതന്നെ രംഗത്തുണ്ടായിരുന്നു. അവരുടെ എതിർപ്പുകൾക്ക് സാധൂകരണം ആയിരിക്കുകയാണ് ഇപ്പോൾ. ഇനി അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കാൻ മന്ത്രിസഭയ്ക്കും മുന്നണിക്കും കഴിയുകയില്ല.
ശിവശങ്കരൻറെ ബന്ധങ്ങൾ എത്രത്തോളം വഴിവിട്ട ആയിരുന്നു എന്നത് ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാൽ എൻ ഐ എ യുടെ അന്വേഷണ പരിധിയിൽ ഉള്ള കാര്യങ്ങളിൽ ശിവശങ്കരന് ബന്ധം തെളിയിക്കപ്പെട്ടാൽ സംസ്ഥാന സർക്കാരിനെ തന്നെ ബാധിക്കുന്ന സ്ഥിതി ഉണ്ടാകും

