ജീവിതത്തിന് മുന്നില്‍ വഴിമുട്ടി 5 അനാഥ പെണ്‍കുട്ടികള്‍; സംരക്ഷിക്കാന്‍ 80 കഴിഞ്ഞ മുത്തച്ഛന്‍, വീട് ജപ്തിഭീഷണിയില്‍

മലപ്പുറം: പേരക്കുട്ടികളെ ചേര്‍ത്തുപിടിച്ച് കാടാമ്പുഴ ചിത്രംപള്ളി സ്വദേശിയായ നടുവക്കാട് ബീരാന്‍കുട്ടി സുമനസുകളുടെ സഹായം തേടുന്നു. മാതാപിതാക്കള്‍ രോഗബാധിതരായി മരിച്ചതോടെ അഞ്ച് വയസ്സുകാരിയടക്കമുള്ള അഞ്ച് മക്കളാണ് തുടര്‍ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്. ബീരാന്‍കുട്ടിയുടെ ആറ് പെണ്‍മക്കളില്‍ നാലാമത്തെ മകളായ റസിയ മൂന്നുവര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച് മരണമടഞ്ഞു. തുടര്‍ന്ന് പിതാവ് യൂസഫും രോഗത്തിന്റെ പിടിയിലായി.

ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും എട്ടുമാസംമുമ്പ് മറ്റ് നാലു പെണ്‍കുട്ടികളെയും 15കാരിയായ മൂത്തമകള്‍ ജിഷ്മയുടെ കൈയില്‍ ഭരമേല്‍പ്പിച്ച് യൂസഫും മരിച്ചു. തുടര്‍ന്ന് മാറാക്കരയിലെ വീട്ടില്‍നിന്ന് വല്യുപ്പ മക്കളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. 80നടുത്ത് പ്രായമുള്ള ബീരാന്‍കുട്ടിയുടെയും ഭാര്യ ഫാത്തിമയുടേയും തണലിലായി പിന്നീട് ഈ കുട്ടികളുടെ പിന്നീടുള്ള ജീവിതം. തിരൂരങ്ങാടിയിലെ ഒരു അനാഥമന്ദിരത്തില്‍ താമസിച്ചു പഠിക്കുകയാണ് 10ാംതരം പാസായ ജിഷ്മ(16), ജിസ്‌റിയ(12), ജലീസ(ഏഴ്) എന്നിവര്‍. അഞ്ചുവയസുകാരിയും ഇളയകുട്ടിയുമായ ജഫ്‌ന ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്നു.

പ്രായാധിക്യംമൂലം വലയുന്ന തങ്ങള്‍ക്ക് ഇനി എത്രകാലം പറക്കമുറ്റാത്ത ഈ കുട്ടികളെ നോക്കാനാവുമെന്ന ആശങ്കയിലാണ് ബീരാന്‍കുട്ടിയും ഭാര്യ ഫാത്തിമയും. സ്വന്തമായുള്ള 20 സെന്റ് സ്ഥലം പണയംവച്ച് വായ്പയെടുത്ത് നിര്‍മിച്ച വീടിന്റെ കടം ഇതേവരെ തീര്‍ന്നിട്ടില്ല. തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തിഭീഷണിയിലാണ്. 12 ലക്ഷം രൂപ കടമുണ്ട് വീടിന്.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്നറിഞ്ഞ് നാട്ടിലെ ഒരു യുവജന സംഘടന ടാബ്‌ലറ്റ് നല്‍കിയതോടെയാണ് പഠനം ആരംഭിച്ചത്. തുടര്‍പഠനവും ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. ബീരാന്‍കുട്ടിയുടെയും ജിഷ്മയുടെയും പേരില്‍ കാടാമ്പുഴ കനറാ ബാങ്കില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. നമ്പര്‍: 4700101006463, ഐഎഫ്എസ്‌സി സിഎന്‍ആര്‍ബി0004700, എംഐസിആര്‍ 676015157. ഫോണ്‍ 9048216787.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →