വൈദ്യുതി ലൈനിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ കൺമുന്നിൽ ദാരുണാന്ത്യം

തൃശൂർ : വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. നാട്ടുകാരുടെ കൺമുന്നിൽ ഫ്ളക്സ് ബോർഡ് അഴിക്കുന്നതിനിടെയായിരുന്നു ദുരന്തം . പശ്ചിമ ബംഗാൾ സ്വദേശി ആശിഷ് മണ്ഡൽ ( 52 ) ആണ് ഷോക്കേറ്റ് മരിച്ചത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിട മുകളിൽ നിന്നും ഫ്ലക്സ് ബോർഡ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പഴയ ഫ്ലക്സ് അഴിച്ച് മാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഇരുമ്പിൽ നിർമ്മിച്ച ഫ്രെയിം സമീപത്തെ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് നിമിഷങ്ങൾക്കുള്ളിൽ കത്തിക്കരിയുകയായിരുന്നു. വൈദ്യുതി പ്രവഹിച്ചിരുന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്തുവാനുമായില്ല. പോലീസും, അഗ്നി രക്ഷാ സേനയുമെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ എത്തിച്ചത്.

അറുപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. നടപടികൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →