ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ എസ്ബിഐയും സ്വകാര്യ ബാങ്കായ എച്ചഡിഎഫ് സിയും വായ്പാ പലിശനിരക്കുകളില്‍ കുറവു വരുത്തി. വിപണിയിലെ മാന്ദ്യം ഇല്ലാതാക്കുന്നതിനും പണലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് പലിശയില്‍ കുറവുവരുത്തിയത്. പലിശനിരക്ക് കുറച്ചതുവഴി വായ്പയെടുക്കാന്‍ ആവശ്യക്കാര്‍ ഏറുമെന്നാണ് കരുതപ്പെടുന്നത്.
മൂന്നുമാസം വരെയുള്ള പലിശയില്‍ 6.75ല്‍നിന്ന് 6.65 ശതമാനമായാണ് എസ്ബിഐ കുറവു വരുത്തിയത്. എച്ച്ഡിഎഫ്‌സി ഈ കാലയളവിലേക്കുള്ള പലിശ 7.20 ശതമാനമാക്കി. ആറുമാസ കാലയളവിലേക്ക് 7.3ഉം ഒരുവര്‍ഷത്തേക്ക് 7.45 ശതമാനവുമാണ്. കനറാ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും പലിശനിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്. ജൂലൈ എട്ടുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. മറ്റ് ബാങ്കുകളും ഇവരുടെ മാതൃക പിന്തുടര്‍ന്ന് പലിശനിരക്കില്‍ കുറവു വരുത്തുമെന്ന് കരുതപ്പെടുന്നു. മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1.15 ശതമാനം കുറവു വരുത്തിയിരുന്നു.

