കൊല്ലം : തീരദേശ ടൂറിസത്തിന് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ തുപ്പാശ്ശേരി കടവ്-ഇറക്കത്ത് കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വ്വഹിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ഷിഹാബ് അധ്യക്ഷനായി.
4.45 കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന റോഡ് തേവലക്കര പഞ്ചായത്തിലെ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള നാലു വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും തീരദേശത്ത് കൂടി മാത്രം കടന്ന് പോകുന്നതുമാണ്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കൂടിയാണിത്. തേവലക്കര പഞ്ചായത്തിനെ മണ്‍ട്രോതുരുത്തുമായി ബന്ധിപ്പിക്കുന്ന പാലവും ഈ റോഡിലാണ് വന്ന് ചേരുന്നത്. കോയിവിള വാര്‍ഡിലെ തുപ്പാശ്ശേരിയില്‍ നിന്നാരംഭിച്ച് കോയിവിള തെക്ക്, അരിനല്ലൂര്‍ വാര്‍ഡുകള്‍ പിന്നിട്ട് അരിനല്ലൂര്‍ കിഴക്ക് മഞ്ഞിപ്പുഴ കടവില്‍ റോഡ് അവസാനിക്കും.
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ചീഫ് എന്‍ജിനീയര്‍ ബി ടി വി കൃഷ്ണന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ്, പഞ്ചായത്ത് അംഗങ്ങളായ ബിജി പീറ്റര്‍, സേവ്യര്‍, ടി മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5973/thuppasseri-irakkath-kadavu-road-.html