തിരുവനന്തപുരം: മുറിക്കകത്തും മാസ്ക് വേണം. കൊറോണ വൈറസ് വായുവിലെ സൂക്ഷ്മകണികകളില്‍ പറ്റിപ്പിടിച്ച് മുറിക്കകത്തുള്ള മറ്റ് മനുഷ്യരിലേക്കും വീട്ടുമൃഗങ്ങളിലേക്കും പകരാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റം വരുത്തേണ്ടി വരുമെന്നാണ് അനുമാനം. ഇത്തരത്തിലേക്ക് കൊവിഡ് പ്രതിരോധ നിയന്ത്രണ രീതികള്‍ മാറുന്നതോടെ നമ്മുടെ ജീവിത ശൈലിയില്‍ത്തന്നെ ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതായിവരും.
കൊറോണ വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് മൂക്കില്‍നിന്നും വായില്‍നിന്നും പുറത്തേക്കുവരുന്ന ചെറിയ ദ്രവകണങ്ങളില്‍ നിന്നാണ് പകരുന്നത്. നമ്മള് തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ രോഗാണുക്കള്‍ കലര്‍ന്ന ദ്രവകണങ്ങള്‍ പുറത്തേക്ക് വന്ന് അന്തരീക്ഷത്തില്‍ തങ്ങിനില്ക്കും. കൊറോണ വൈറസിന് വായുവില്‍ മൂന്ന് മണിക്കൂര്‍ വരെയും പ്ലാസിറ്റക്ക്, സ്റ്റീല്‍ പ്രതലങ്ങളില്‍ മൂന്ന് ദിവസം വരെയും ജീവിക്കാനാവുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് വീട്ടിനകത്തും മാസ്ക് ധരിക്കണമെന്ന് പറയുന്നതിന്റെ സാരം.
കൊറോണ വൈറസിന് വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കാനാവുമെന്നും പിന്നീട് മാസ്ക് മാറ്റുമ്പോള്‍ വായുവിലൂടെ നമ്മുടെ ശരീരത്ത് എത്തിച്ചേരാന്‍ സാധ്യത ഉണ്ടെന്നുമാണ് അനുമാനം. മാത്രമല്ല ആവശ്യത്തിന് വായുസഞ്ചാരവും കാറ്റും വെളിച്ചവും സൂര്യപ്രകാശവും ഇല്ലാത്ത മുറിക്കുള്ളില്‍ വൈറസിന് കൂടുതല്‍ സമയം ജീവിക്കാനാവുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ കാറ്റും വെളിച്ചവും ഏറെ ലഭിക്കുന്ന തരത്തില്‍ മുറികള്‍ സംവിധാനം ചെയ്യണം.
മാത്രമല്ല സ്കൂളുകള്‍, നഴ്സിങ് ഹോമുകള്‍, വീടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ എയര്‍കണ്ടീഷണറുകളില്‍ പുതിയ ഫില്ട്ടറുകള്കൂടി ഘടിപ്പിക്കേണ്ടിവരും. നാം ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ വൈറസുകളെ നശിപ്പിക്കാന്‍ അള്‍ട്രാവയലറ്റ് ലൈറ്റ് ഉപയോഗിക്കണം. എത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നോ അത്രത്തോളം നാം സുരക്ഷിതരായിരിക്കും.
മാസ്ക് വയ്ക്കുന്നവര്‍ നാലുമണിക്കൂറിനുള്ളില്‍ മാറ്റി അടുത്തത് ധരിക്കണം. നനഞ്ഞ മാസ്ക് ഉപയോഗിക്കാനേ പാടില്ല. സോപ്പ് ഉപയോഗിച്ച് കഴുകി വെയിലില്‍ ഉണക്കിയ മാസ്ക് ധരിക്കണം. വെയിലില്‍ ഉണക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നല്ല ചൂടില്‍ ഇസ്തിരിയിട്ടാലും മതിയാവും. മാസ്ക് ധരിക്കുന്നവര്‍ അതിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കരുത്. ഒരാളുടെ മാസ്ക് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യരുത്. രണ്ട് വയസിന് താഴെയുള്ള കുട്ടികളെ മാസ്ക് ധരിപ്പിക്കുന്നത് റിസ്കാണ്. അവരുടെ വായില്‍നിന്ന് പുറത്തുവരുന്ന ഉമിനീര് മാസ്കില്‍ പറ്റിപ്പിടിക്കുകയും ഇതുമൂലം മണ്ണും പൊടിയും മാലിന്യങ്ങളും കലരാനും ഇടയാവും. കുട്ടികള്‍ ഇതിലൂടെ ശ്വസിക്കേണ്ടിവരുന്നത് കൂടുതല്‍ അപകടകരമാണ്.
ശ്വാസംമുട്ടല്‍ പോലെയുള്ള രോഗങ്ങളുള്ള മുതിര്‍ന്നവര്‍ മാസ്ക് വയ്ക്കുന്നത് ഡോക്ടറോട് ആലോചിച്ചുവേണം. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ ആഗീരണം ചെയ്യുന്നതില്‍ പ്രയാസം അനുഭവിക്കുന്ന ഇവര്‍ മാസ്ക് ധരിക്കുന്നതോടെ ശ്വാസോച്ഛ്വാസം കൂടുതല്‍ പ്രയാസമുള്ളതായിത്തീരുന്നു.
വീടിനു പുറത്ത് പോവുന്നവര്‍ മാസ്കിനു പുറമേ ഗ്ലൗസും സാനിറ്റൈസറും കരുതണം. ഒട്ടേറെ ആളുകള്‍ വന്നുപോവുന്ന ഇടങ്ങളില്‍നിന്ന് അകന്നുനില്ക്കണം. സ്റ്റെയര്‍കേസുകള്‍ കയറുമ്പോള്‍ വശങ്ങളിലെ കൈവരിയില്‍ സ്പര്‍ശിക്കരുത്. അഥവാ സ്പര്‍ശിച്ചാല്‍ സാനിറ്റൈസര്‍കൊണ്ട് കൈകള്‍ അണുവിമുക്തമാക്കണം.

