ക്രൂരമര്‍ദ്ദനത്തിനിരയായി യുവതി അടക്കമുള്ള ഡല്‍ഹിയിലെ മൃഗ സരംക്ഷണ പ്രവര്‍ത്തകര്‍: രക്തമൊലിച്ച മുഖവും വസ്ത്രവുമായി എത്തിയിട്ടും കേസെടുക്കാന്‍ തയ്യാറാവാതെ പോലിസ്

ഡല്‍ഹി: ഡല്‍ഹിയില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് പ്രദേശവാസികളുടെ ക്രൂരമര്‍ദ്ദനം. രക്തത്തില്‍ കുതിര്‍ന്ന മുഖവും വസ്ത്രങ്ങളുമായി യുവതി അടക്കമുള്ള സംഘം പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ആരോപണം. തെരുവുനായകളെ സംരക്ഷിക്കുന്ന നെയ്ബര്‍ഹുഡ് വൂഫ് സന്നദ്ധസംഘടന നടത്തുന്ന ആയിഷാ ക്രിസ്റ്റീന പോലിസ് സ്റ്റേഷനില്‍ നിന്ന്‌ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബാഗ് പ്രദേശത്ത് വച്ച് ആയിഷ സഹപ്രവര്‍ത്തകരായ വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വിഡിയോയയില്‍ ആയിഷ പറഞ്ഞ കാര്യങ്ങളിതാണ്:
“ജൂലൈ 3ന് രാത്രി 10.30ഓടെയാണു സംഭവം. ഞാന്‍ ആസാദ്പൂര്‍ പോലിസ് സ്റ്റേഷനില്‍ നില്‍ക്കുകയാണ്. നായകളെ സഹായിക്കുന്നതിനിടെ ഞങ്ങളെ ഒരുസംഘം മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ വന്ന് ഞങ്ങളുടെ ജീവനക്കാരോട് മോശമായി സംസാരിച്ചു. ഞങ്ങള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് ഞങ്ങളോട് ചെയ്തത്”- മുഖവും രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളും ചൂണ്ടിക്കാട്ടി ആയിഷ ക്രിസ്റ്റീന പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരായ വിപിന്‍, അഭിഷേക്, ദീപക് എന്നിവരെയും അക്രമികള്‍ തകര്‍ത്ത കാറും വീഡിയോയില്‍ കാണിക്കുന്നുണ്ട്. യുവാക്കളുടെ വസ്ത്രങ്ങളും മറ്റും കീറുകയും മര്‍ദ്ദനമേറ്റ നിലയിലുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പതിവാണെന്നും ആയിഷ പറയുന്നു. സംഭവത്തില്‍ അലംഭാവം കാട്ടിയ പോലിസ് ഉദ്യോഗസ്ഥരെയും യുവതി കാമറയിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാല്‍ ഉള്‍പ്പടെ നിരവധി പേര്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →